ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

ധനുഷിനെതിരെ ഗുരുതരണ ആരോപണങ്ങളുമായാണ് നയന്‍താര രംഗത്തെത്തിയിരിക്കുന്നത്. നാനും റൗഡി താന്‍ ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് രംഗം ഉപയോഗിച്ചതിന് പിന്നാലെ 10 കോടി രൂപയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചു എന്നാണ് നയന്‍താര പറഞ്ഞത്. ഇത് പകപോക്കല്‍ ആണെന്നും നീചമായ പ്രവര്‍ത്തിയാണ് ധനുഷ് ചെയ്തതെന്നും നയന്‍താര പങ്കുവച്ച കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനായ വിഘ്‌നേശ് ശിവനും. ധനുഷ് മുമ്പ് ഒരു വേദിയില്‍ സംസാരിക്കുന്ന വീഡിയോയും അതിനൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്നേശ് ശിവന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

”നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാള്‍ക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കാന്‍ നോക്കുക. ഒരാള്‍ നന്നായിരുന്നാല്‍ മറ്റൊരാള്‍ക്ക് അത് ഇഷ്ടപെടാത്ത തരത്തിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാല്‍ അയാളെ ചേര്‍ത്തുനിര്‍ത്തുക, ഇല്ലെങ്കില്‍ അയാളെ മാറ്റിനിര്‍ത്തുക” എന്നാണ് ധനുഷ് വീഡിയോയില്‍ പറയുന്നത്.

”ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്‌കളങ്കരായ കടുത്ത ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു” എന്നാണ് വിഘ്നേശ് ശിവന്‍ ഈ വീഡിയോക്കൊപ്പം കുറിച്ചത്.

അതേസമയം, നയന്‍താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.

ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്ലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്.

ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്നാണ് നയന്‍താര വെളിപ്പെടുത്തുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രം വന്‍വിജയമായെങ്കിലും ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതില്‍ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നാണ് നയന്‍താര പറയുന്നത്.

Read more