വിനയന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. 20 വര്‍ഷം മുമ്പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ചിത്രം. സിനിമയുടെ മൂലകഥ തന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതാണെന്നാണ് വിനയന്‍ പറയുന്നത്. തന്റെ അമ്മ പറഞ്ഞ കഥായാണിതെന്നും വിനയന്‍ പറയുന്നു.
“കോയിപ്പുറത്ത് കാവ്. അവിടെയൊരു ഏഴിലം പാലയുണ്ട്. അതില്‍ യക്ഷിയുണ്ടെന്നും അമ്മ പറയുമായിരുന്നു. നമ്മുടെ കുടുംബത്തിലെ ഒരാളെ ഈ ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഏഴിലം പാലയില്‍ പ്രതികാരദാഹിയായ യക്ഷിയുണ്ടെന്ന കഥ എന്റെ മനസില്‍ തെളിയുന്നത്. കാവില്‍ കാര്‍ന്നോമ്മാരെല്ലാം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തുള്ളുന്നതുമെല്ലാം കാണാം. ചിലര്‍ ശരിക്കും തുള്ളും, മറ്റുചിലര്‍ അഭിനയിക്കുകയാവും. അഭിനയിച്ചു തുള്ളുന്നതാണ് സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത്.”
“പിന്നീട് അമ്മ മരിച്ചു. സിനിമയെടുത്തു വിജയിക്കുകയും ചെയ്തു. പിന്നീട് സ്വപ്നത്തില്‍ അമ്മ വന്നു പറയുന്നതായി ഒരു തോന്നല്‍. നീ നമ്മുടെ കുടുംബത്തേയും കാര്‍ന്നോന്മാരെയുമെല്ലാം അവഹേളിച്ചില്ലേ എന്ന്. അതിനുശേഷം കുട്ടനാട്ടില്‍ സ്വന്തം തറവാട്ടില്‍, 20 വര്‍ഷം മുമ്പ് 15 ലക്ഷം മുടക്കി ഒരു അമ്പലം പണിതു. പരിഹാരമായി പൂജകളും നടത്തി.” മനോരമയുമായുള്ള അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.
ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം.