നടന് തിലകന്‍ ഉണ്ടായിരുന്നുവെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അദ്ദേഹം നല്ലൊരു കഥാപാത്രം അവതരിപ്പിക്കുമായിരുന്നു എന്ന് സംവിധായകന്‍ വിനയന്‍. വിലക്കിന്റെ പീഡനം അനുഭവിച്ച് തിലകന്‍ മരിച്ചത് തന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണെന്നും വിനയന്‍ പറയുന്നു.
തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനം അനുഭവിച്ച് മരിച്ചത് തന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണ്.
തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹത്തെ പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം തന്റെ മുമ്പില്‍ വച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. താനത് ഒരിക്കലും മറക്കുകയില്ല.
ആറാട്ടുപ്പുഴ വേലായുധ പണിക്കരായി സിജു വില്‍സനെ അവതരിപ്പിച്ചപ്പോള്‍ പലരും അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് ചോദിച്ചിരുന്നതായും വിനയന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അതില്‍ യാതൊരു സങ്കോചവുമില്ലായിരുന്നു.
1999-ല്‍ കലാഭവന്‍ മണിയെ വളരെ ഗൗരവമുള്ള കഥാപാത്രമാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കൊണ്ടുവന്നു. ദിലീപിന് പകരമാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ ജയസൂര്യയെ കൊണ്ടു വന്നത്. അതെങ്ങനെ സാധ്യമാകും എന്ന് പലരും ചോദിച്ചിട്ടുണ്ട്.
റിസ്‌ക് എടുക്കാന്‍ തനിക്ക് ഭയമില്ല. ഈ കഥാപാത്രം തനിക്ക് തന്നാല്‍ ജീവന്‍ മരണ പോരാട്ടമായിരിക്കും എന്നാണ് സിജു പറഞ്ഞത്. അദ്ദേഹം അത് നന്നായി ചെയ്തു എന്നാണ് വിനയന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.