രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും; ചലച്ചിത്ര അക്കാദമിക്കെതിരായ പരാതികളിൽ പ്രതികരിച്ച് വിനയൻ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ. എഫ്. എഫ്. കെ) യിലെ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംവിധായകർ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. തന്റെ സിനിമ കണ്ടുനോക്കാതെയാണ് ജൂറി തിരസ്കരിച്ചതെന്ന് ഷാജി ബാലഗോപാലനും അനിൽ തോമസും ആരോപണമുന്നയിച്ചിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണമറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. മുൻപ് കേരള സംസ്ഥാന  ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് വിനയന്റെ സിനിമയായ പത്തൊൻപത്താം നൂറ്റാണ്ട് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കരുത് എന്ന തരത്തിലുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലിനെ ചോദ്യം ചെയ്ത് വിനയൻ രംഗത്തു വന്നിരുന്നു. രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും എന്നാണ് വിനയൻ ഇപ്പോൾ പറയുന്നത്.

“സംവിധായകരും ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനിലെ അപാകതയെ കുറിച്ച് ഗുരുതരമായ ആക്ഷപം പറഞ്ഞിട്ടുള്ളതായി അറിയുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനോട് പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ശ്രീ രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് കഴിഞ്ഞ സംസ്ഥാന അവാർഡ് സമയത്ത് അദ്ദേഹം തെളിയിച്ചതാണ്.

അവാർഡു നിർണയത്തിൽ ചെയർമാൻ അനാവശ്യമായി ഇടപെട്ടു എന്ന് ജൂറി അംഗമായ ശ്രീ നേമം പുഷ്പരാജ് തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതിൽ മൗനം തുടരുകയാണ് ശ്രീ രഞ്ജിത്. അദ്ദേഹം തന്നെ നിയമിച്ച ഇപ്പോഴത്തെ ഈ ജൂറി ചെയർമാനെപ്പറ്റി എനിക്കു സഹതാപമേ ഉള്ളു.. അക്കാദമിക്കു പരിഹരിക്കാൻ പറ്റാതെ വരുമ്പോൾ പിന്നെ അഭയം സാംസ്കാരിക മന്ത്രിയാണല്ലോ? ബഹുമാനപ്പെട്ട മന്ത്രി അദ്ദേഹത്തിന്റെ ഇതിഹാസ സംവിധായകനെക്കൊണ്ട് വേഗം ഇതെല്ലാം പരിഹരിക്കും എന്നു പ്രതീക്ഷിക്കാം” എന്നാണ് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Read more

അതേസമയം ഐ. എഫ്. എഫ്. കെയിലേക്ക് അയച്ച ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രമേയമായ ‘ഇതുവരെ’ എന്ന തന്റെ സിനിമ ജൂറി കണ്ടിട്ടില്ലെന്നാണ് സംവിധായകൻ അനിൽ തോമസ് തെളിവുകൾ സഹിതം പറയുന്നത്. ചിത്രം കണ്ടാല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കേരളത്തില്‍ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ല. ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് സംവിധായകന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.