മോണ്‍സ്റ്ററിന്റെ ക്ഷീണം മാറ്റും, മോഹന്‍ലാലിനൊപ്പം വലിയ പരിപാടിയാണ് വരാന്‍ പോകുന്നത്: വൈശാഖ്

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ ‘പുലിമുരുകന്‍’ ഒരുക്കിയ സംവിധായകന്‍ വൈശാഖ് ആണ് മോണ്‍സ്റ്റര്‍ എന്ന ഫ്‌ളോപ്പ് ചിത്രവും ഒരുക്കിയത്. എന്നാല്‍ തുടര്‍ന്ന് എത്തിയ വൈശാഖ് ചിത്രം ‘ടര്‍ബോ’ വന്‍ വിജയമാണ് നേടിയിരിക്കുന്നത്.

മമ്മൂട്ടി നായകനായ ടര്‍ബോ 60 കോടിക്കടുത്ത് ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. ഇതോടെ മോണ്‍സ്റ്ററിന്റെ ക്ഷീണം തീര്‍ക്കുമെന്നും മോഹന്‍ലാലിനൊപ്പം പുതിയൊരു പ്രോജക്ട് ചെയ്യാനുള്ള പദ്ധതിയിലാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വൈശാഖ്.

”അന്ന് മോണ്‍സ്റ്ററിന് പകരം ചെയ്യേണ്ടിയിരുന്നത് മറ്റൊരു വലിയ സിനിമയായിരുന്നു. അന്ന് അത് നടന്നില്ല. എന്നാല്‍ അത് സംഭവിക്കും അവര്‍ തന്നെയാണ് അത് നിര്‍മ്മിക്കുന്നത്. അതിന്റെ ഡേറ്റും കാര്യങ്ങളും ആളുകള്‍ എല്ലാം ഒന്നിച്ച് വന്നാല്‍ അത് സംഭവിക്കും. വന്‍ പരിപാടിയാണ് അത്.”

”മോണ്‍സ്റ്ററിന്റെ ക്ഷീണമൊക്കെ അന്ന് മാറ്റും. അത് വന്‍ പരിപാടി ആയിരിക്കും” എന്നാണ് വൈശാഖ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍. ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.