കാന്‍ ചലച്ചിത്ര മേളയില്‍ അഭിമാനമായി മാറിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നടി ദിവ്യ പ്രഭയ്‌ക്കെതിരെ സൈബര്‍ ആക്രമണം. നവംബര്‍ 22ന് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ദിവ്യ പ്രഭയുടെ ടോപ്‌ലെസ് രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായത്.
ദിവ്യ പ്രഭയ്‌ക്കെതിരെ നെഗറ്റീവ് പോസ്റ്റുകള്‍ എത്തുമ്പോഴും നടിയെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദിവ്യ പ്രഭ ഇപ്പോള്‍. ഇത്തരം പ്രതികരണങ്ങള്‍ താന്‍ പ്രതീക്ഷിച്ചതാണ് എന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പ്രഭ പറയുന്നത്.
സിനിമയെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ എനിക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഈ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. കാന്‍സിലേക്ക് എത്തും എന്നത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ്. കാരണം ഇവിടെ ഇങ്ങനെയാണല്ലോ.
ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നതിനാല്‍ തനിക്ക് നിരാശയില്ല. പുതിയ കാര്യമായിട്ട് തോന്നുന്നില്ല. എപ്പോഴും നടക്കുന്നതാണ്. പ്രത്യേകിച്ചും മലയാളികളുടെ കാര്യത്തില്‍.
ഇത് സിനിമയാണ്, ഇവര്‍ അഭിനേതാവാണ് എന്ന തരത്തില്‍ പ്രേക്ഷകര്‍ ഇനി എപ്പോഴാണ് നമ്മളെ കണ്ടു തുടങ്ങുന്നത് എന്ന കാര്യങ്ങള്‍ ചിന്തിക്കാറുണ്ട്. സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ കൊണ്ടായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചരണം നടക്കുന്നത് എന്നാണ് ദിവ്യ പ്രഭ പറയുന്നത്.