തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കോവിഡ് ബാധ മൂലമാണ് മരിച്ചതെന്നത് തെറ്റായ വാര്‍ത്തയെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.
ഖുശ്ബുവിന്റെ വാക്കുകള്‍:
”കുറച്ച് ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണമെന്നാണ് മാധ്യമങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. മൂന്നു മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോള്‍ സാഗര്‍ കോവിഡ് ബാധിതനല്ല.
കോവിഡ് ബാധിച്ചാണ് സാഗര്‍ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതെ, നമ്മള്‍ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകര്‍ന്നുകൊണ്ടാകരുത്”.
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.