ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാടിനൊപ്പം നിൽക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സംഭാവന ചെയ്യണമെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.
“സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക.” എന്നാണ് സോഷ്യൽ മീഡിയയിലൂടെ ബേസിൽ ജോസഫ് പറഞ്ഞത്.
അതേസമയം സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകുന്നത്. തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
അതേസമയം 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കൂടുതല്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഓരോ അര മണിക്കൂര്‍ ഇടവിട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നു. പുഴയിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവര്‍ത്തനനിരതമാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനെത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയില്‍ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.
എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറാക്കി. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സര്‍ജറി, ഓര്‍ത്തോപീടിക്‌സ്, കാര്‍ഡിയോളജി, സൈക്കാട്രി, ഫോറെന്‍സിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്‌സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘത്തെയും നിയോഗിച്ചു.