പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ ദുല്‍ഖറും പ്രധാന വേഷത്തിലുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന വാര്‍ത്ത.
പ്രൊജക്റ്റ് കെയുടെ റിലീസ് തീയതി പുറത്ത് വിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കുവെച്ച ചിത്രങ്ങളും ട്വിറ്ററില്‍ വൈറലാകുന്നത്. 2024 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഒരാള്‍ പുറംതിരിഞ്ഞ് തോക്ക് ചൂണ്ടി നില്‍ക്കുന്ന പോസ്റ്റലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.
പോസ്റ്ററില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് ദുല്‍ഖറിന്റെ ഛായ ഉണ്ടെന്നാണ് പുതിയ ചര്‍ച്ച. മാത്രമല്ല ദുല്‍ഖര്‍ പ്രൊജക്ട് കെയിലുണ്ടാകുമെന്ന തരത്തില്‍ മുമ്പ് ദേശീയ, തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഭാസിന്റെ പിറന്നാള്‍ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. മള്‍ട്ടീസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന പ്രോജക്ട് കെ പ്രതീക്ഷ നല്‍കുന്നതാണ് എന്നാണ് പ്രതികരണം.