നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദു്ല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്ന് തന്നെയാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റേതാണ് തിരക്കഥ. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ സ്വന്തം വീട്ടിലേക്ക് വന്ന ഫീലായിരുന്നു തനിക്കെന്ന് പറയുകയാണ് ദുല്‍ഖര്‍. വിഷ്ണുവും ബിബിനുമൊപ്പം മനോരമയുടെ പ്രത്യേക ചാറ്റ് ഷോയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
“ഒരു നീണ്ട ഗ്യാപ്പിനു ശേഷം നാട്ടിലേക്ക് ഒരു വെക്കേഷന് വന്ന പോലത്തെ ഒരു ഫീല്‍ ആയിരുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ പോലത്തെ വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന് സൂപ്പര്‍ ഹിറ്റായ സിനിമകള്‍ ചെയ്ത ആളുകളല്ലേ. അതുകൊണ്ട് നിങ്ങള്‍ പുതിയതാണെന്ന പേടിയൊന്നും എനിക്കില്ലായിരുന്നു. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ സ്വന്തം വീട്ടില്‍ വന്ന ഒരു ഫീലായിരുന്നു എനിക്ക്. നല്ല എനര്‍ജിയുള്ള സെറ്റായിരുന്നു. പിന്നെ ഇതിലെ കഥാപാത്രത്തെപ്പറ്റി നിങ്ങളുടെ മനസ്സില്‍ നല്ല ക്ലിയറായിട്ടുള്ള ധാരണയുള്ളതുകൊണ്ട് എനിക്കതിനെക്കുറിച്ച് ടെന്‍ഷനില്ലായിരുന്നു.” ദുല്‍ഖര്‍ പറഞ്ഞു.
നവാഗതനായ ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് പി സുകുമാര്‍ ആണ്.