ദുല്‍ഖറിനോട് പരിഭവം പങ്കുവച്ച് വിജയ് ദേവരകൊണ്ട; വിജയ് തന്റെ ലക്കി ചാം എന്ന് താരം

വിജയ് ദേവരകൊണ്ട തന്റെ ലക്കി ചാം ആണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രം ‘ലക്കി ഭാസ്‌കറി’ന്റെ പ്രീ റിലീസ് ചടങ്ങിലാണ് ഇരുതാരങ്ങളും സംസാരിച്ചത്. ദുല്‍ഖറിനെ പുകഴ്ത്തുന്ന വിജയ് ദേവരകൊണ്ടെയുടെ വാക്കുകളും ദുല്‍ഖറിന്റെ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സൗഹൃദമോ പരിചയമോ ഇല്ലാതിരുന്നപ്പോള്‍ പോലും താന്‍ ദുല്‍ഖറിന്റെ സിനിമകള്‍ തേടി പിടിച്ച് ടോറന്റ് വെബ്‌സൈറ്റ് വഴി കാണുമായിരുന്നു. ദുല്‍ഖറിനെ ആദ്യമായി കാണുന്നത് മഹാനടിയുടെ സെറ്റില്‍ വച്ചാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ സുഹൃത്തുക്കളായി.

സൗഹൃദം വളര്‍ന്നതോടെ സീതാരാമത്തിന്റെ സെറ്റില്‍ പോയി വരെ ദുല്‍ഖറിനെ കാണുമായിരുന്നു. മഹാനടിയിലും കല്‍ക്കി 2898 എഡിയിലും ഒരുമിച്ച് അഭിനയിച്ചെങ്കിലും സ്‌ക്രീന്‍ പങ്കിടാനായില്ല എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. ഇതിന് മറുപടിയായി നടനെ ലക്കി ചാം എന്നാണ് ദുല്‍ഖര്‍ വിശേഷിപ്പിച്ചത്.

ചടങ്ങില്‍ തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും ദുല്‍ഖറിനെ പുകഴ്ത്തി. മമ്മൂട്ടിയുടെ ലെഗസിയെ മറികടക്കുക എളുപ്പമല്ല. എന്നാല്‍ ദുല്‍ഖര്‍ വേഗത്തില്‍ തന്നെ സ്വന്തമായൊരു വഴി വെട്ടിത്തുറന്നു. പുതിയ കാലത്തിന്റെ നടനായി മാറി എന്നാണ് ത്രിവിക്രം ശ്രീനിവാസ് പറഞ്ഞത്.

അതേസമയം, ഒക്ടോബര്‍ 31ന് റിലീസിനെത്തുന്ന ലക്കി ഭാസ്‌കറില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത് മീനാക്ഷി ചൗധരിയാണ്. വെങ്കി അട്ലുരിയാണ് സംവിധാനം. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടൈമെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളിലാണ് ലക്കി ഭാസ്‌കര്‍ നിര്‍മിക്കുന്നത്.

Read more