സിനിമയിലെ ചുംബന രംഗത്തിന്റെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയും ഭര്‍ത്താവ് അര്‍ജുനും രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ്. ഇപ്പോള്‍ സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍. ഒരു ലിപ്ലോക്കിന്റെ പേരില്‍ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്യുന്ന പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
അര്‍ജുന്റെ കുറിപ്പ് ദുര്‍ഗയും പങ്കുവച്ചിട്ടുണ്ട്. ‘ഇതാണ് നിങ്ങള്‍ക്കുള്ള എന്റെ മറുപടി! ഏറ്റവും മികച്ച ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ കരിയറില്‍ സംതൃപ്തിയുണ്ട്. ഞാന്‍ എന്താണ് എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എനിക്കൊപ്പം എന്നും നില്‍ക്കുന്നതിന് നന്ദി അര്‍ജുന്‍’- എന്ന കുറിപ്പിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
അര്‍ജുന്റെ കുറിപ്പ്
വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ,
എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നു.
അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്പോള്‍ അത് ദുര്‍ഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാങ്കങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.