കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 300 കോടിയും കടന്നാണ് ചിത്രത്തിന്റെ കുതിപ്പ്. ഇപ്പോഴിത ചിത്രത്തിന്റെ വിജയപ്രയാണത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കമല്‍ ഹാസന്‍.
‘എല്ലാ കടങ്ങളും തിരിച്ചടയ്ക്കും, മനസ്സിന് ഇഷ്ടമുള്ളത് കഴിക്കും’ എന്നായിരുന്നു ചിത്രത്തിന്റെ വിജയത്തേക്കുറിച്ച് സംസാരിക്കവേ നടന്റെ പ്രതികരണം. തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുന്നതെല്ലാം താന്‍ നല്‍കുമെന്നും നല്ല മനുഷ്യനാകുക എന്ന് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ സൂര്യ അതിഥി കഥാപാത്രമായി എത്തിയിരുന്നു. ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമലുമായിരിക്കും പ്രധാനതാരങ്ങള്‍.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.