25 വര്‍ഷത്തിന് ശേഷം താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരിക്കുകയാണ് ഇടവേള ബാബു. ഇന്നലെ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നടന്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ പലരും തന്നെ ബലിയാടാക്കിയപ്പോള്‍ സംഘടനയിലെ ആരും പിന്തുണച്ചില്ല എന്നാണ് ഇടവേള ബാബു പറയുന്നത്.
പലരും തന്നെ ബലിയാടാക്കി. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണ നല്‍കി. വലിയ പ്രതിസന്ധികളില്‍ കൂടി അമ്മ കടന്നുപോയി. ഈ പദവിയിലിരിക്കുന്ന ആളിന് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
വരുന്ന ഭരണസമിതിയില്‍ ഉള്ളവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പിന്തുണ കൊടുക്കണം. താന്‍ പെയ്ഡ് സെക്രട്ടറിയാണെന്ന് ചില കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നു. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാല്‍ അക്കാര്യം മുന്നോട്ട് പോയില്ല. അതിനുശേഷം 9 വര്‍ഷം മുമ്പ് മാത്രമാണ് 30,000 രൂപ വീതം അലവന്‍സ് തരാന്‍ തീരുമാനിക്കുന്നത്.
പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതില്‍ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്‌ളാറ്റിനുമാണ് നല്‍കുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാന്‍ കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാന്‍ പടിയിറങ്ങുന്നത്. ഞാന്‍ പദവിയിലിരുന്നപ്പോള്‍ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല. നിര്‍മ്മാതാക്കളും അഭിനേതാക്കളുമായി തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ സിനിമ നിര്‍ത്തി വയ്ക്കരുത് എന്നാണ് അഭിനേതാക്കളോട് പറഞ്ഞിട്ടുള്ളത് എന്നാണ് ഇടവേള ബാബു പറയുന്നത്.