കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ഫഹദ് ഫാസില്‍ . താന്‍ വിദ്യാര്‍ത്ഥികളുടെ കൂടെയാണെന്നും ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാന്‍ തുടങ്ങിയെന്നും ഫഹദ് പറഞ്ഞു.
പ്രശ്‌നങ്ങള്‍ എല്ലാം ഉടനെ തീര്‍പ്പാക്കി വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സാധിക്കട്ടെയെന്നും ഫഹദ് വ്യക്തമാക്കി. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരോടൊപ്പം മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍,? ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരന്റേതാണ്. അതേസമയം സമരം തുടരാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍. 15 ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. അതില്‍ ആദ്യത്തേത് ശങ്കര്‍ മോഹനെ പുറത്താക്കുക എന്നതായിരുന്നു. ശങ്കര്‍ മോഹന്‍ സ്വയം രാജിവച്ചു. മറ്റ് ആവശ്യങ്ങളില്‍ നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.