മാലികിലെ തന്റെ കഥാപാത്രം സുലൈമാന്‍ മാലികിന്റെ ഗെറ്റപ്പിന് പ്രചോദനമായത് അച്ഛനും മുത്തച്ഛനുമാണെന്ന് ഫഹദ് ഫാസില്‍. പ്രായമാകുമ്പോള്‍ അല്‍പം മെലിഞ്ഞു വരുന്ന ശരീരപ്രകൃതമുളളവരാണ് ഇരുവരുമെന്നും അങ്ങനെയാണ് കഥാപാത്രത്തിനു വേണ്ടി താന്‍ മെലിയാന്‍ തീരുമാനിച്ചതെന്നും ഫഹദ് പറയുന്നു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
“മാലിക്കിന്റെ കഥ പറയുന്ന രീതി വളരെ വ്യത്യസ്തമാണ്. അഭിനേതാവ് എന്ന നിലയിലും മാലിക് വളരെ ചാലഞ്ചിംഗ് ആയിരുന്നു. “ആദ്യമായാണ് മധ്യവയസ്‌കനായി അഭിനയിക്കുന്നത്. ഇതിനു മുമ്പ് ചെയ്ത സിനിമകളെല്ലാം എന്റെ പ്രായത്തിനൊത്ത കഥാപാത്രങ്ങളായിരുന്നു.
ഈ കഥാപാത്രത്തെ ഒട്ടും ഡ്രമാറ്റിക്ക് ആക്കാതെ എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു. അപ്പോഴാണ് ശരീരഭാരം കുറച്ചുനോക്കിയാല്‍ എങ്ങനെ ഇരിക്കും എന്ന ചിന്ത വരുന്നത്. എന്റെ അച്ഛനും മുത്തച്ഛനുമൊക്കെ പ്രായമാകുമ്പോള്‍ അല്‍പം മെലിഞ്ഞു വരുന്ന ശരീരപ്രകൃതമുളളവരാണ്.”
“എന്റെ ശരീരപ്രകൃതവും അങ്ങനെയായിരിക്കും എന്നുതോന്നി. തിരിച്ച് ശരീരഭാരം കൂട്ടുന്ന പരിപാടിയായിരുന്നെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമായേനെ.” ഫഹദ് വ്യക്തമാക്കി.