ഇന്ത്യയിൽ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി. ഫാസിസമെന്നത് സൈക്കിളിക്കലായുള്ള പ്രോസസ് ആണെന്നും അത് ഉയർന്നുവരികയും മറുവശത്ത് അതിനൊരു ചെറുത്ത് നിൽപ്പുണ്ടാവുമെന്നും കനി കുസൃതി പറയുന്നു.
“ചരിത്രം മുഴുവന്‍ പരിശോധിക്കുമ്പോള്‍ ഫാസിസം എന്ന് പറയുന്നത് ഒരു സൈക്കിളിക്കലായുള്ള പ്രക്രിയയാണ്. അത് ഉയർന്നുവരും. മറുവശത്തു നിന്ന് ചെറുത്തുനില്‍പ്പുണ്ടാകും. അങ്ങനെ ആ സൈക്കിള്‍ ഇല്ലാതെയാകും. നമ്മളൊക്കെ ഈ വേവിന്റെ നടുക്കായിരിക്കാം. അതുകൊണ്ടാകാം അതിന്റെ ഒരു തീവ്രത അനുഭവിക്കേണ്ടി വരുന്നത്.
നിരപരാധികള്‍ തുടങ്ങി പലരും അതിന് ഇരയാകേണ്ടി വരും. പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓർത്തുപോകും.” എന്നാണ് ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.
അതേസമയം കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
30 വർഷങ്ങൾക്ക് ശേഷം കാനിലെ പാം ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് പായൽ കപാഡിയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.
മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.