മലയാള സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്. സ്ത്രീ വിമോചന പ്രവര്‍ത്തനമാണ് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.
അടുത്ത മെയ് ദിനത്തിന് മുമ്പ് മലയാള സിനിമയില്‍ വനിതകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളുണ്ടാകും, ഔട്ട്‌ഡോര്‍ യൂണിറ്റുകളുമുണ്ടാകും. സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കും.
ഇതിന്റെ ഭാഗമായി ഫെഫ്ക വനിതകള്‍ക്ക് മെമ്പര്‍ഷിപ്പുകള്‍ നല്‍കും. കൂടാതെ ഒരു ക്യാംപെയ്ന്‍ നടത്തി അവരെ പരിശീലിപ്പിച്ചു കൊണ്ട് അവര്‍ക്ക് പരിചിതമല്ലാത്ത തൊഴില്‍ മേഖല തുറന്നിടുകയാണ്. ഫെഫ്കയുടെ സ്ത്രീവാദ നിലപാട് ക്യാരവാനിലെ എസിയില്‍ ഇരുന്നുകൊണ്ട് വരേണ്യവാദം പറച്ചിലല്ല.
ഏറ്റവും താഴെത്തട്ടില്‍ അടിസ്ഥാന വര്‍ഗത്തില്‍ സ്ത്രീ പ്രാധിനിധ്യം ഒഴിവാക്കിക്കൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്. അല്ലാതെ വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്. തൊഴിലാളിവര്‍ഗ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവര്‍ത്തനമാണ്.
കൂടാതെ വെബ് സീരിസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക കത്തയച്ചിട്ടുണ്ട് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ക്യാമറ അസിസ്റ്റന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് യൂണിയന്റെ ഉദ്ഘാടന വേദിയില്‍ സംസാരിച്ചത്.