ഈ വര്‍ഷം രണ്ട് തവണ ‘മരണം’ തേടിയെത്തിയ ആളാണ് താന്‍ എന്ന് ഗായകന്‍ ജി വേണുഗോപാല്‍. രണ്ടാം തവണയും തന്റെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍. താന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന് ഉപദേശിക്കണേ എന്ന് പറഞ്ഞാണ് ഗായകന്റെ കുറിപ്പ്.
”അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത കേട്ടത്.”
”എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ‘ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്’ എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നതാണിത്. ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ..” എന്നാണ് വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, മുമ്പും ഇത്തരത്തിലൊരു വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞ് മടുത്തതിനെ കുറിച്ച് ഗായകന്‍ പറഞ്ഞിട്ടുണ്ട്. ഫോണ്‍ എടുത്ത് ഹലോ പറഞ്ഞയുടന്‍, ചേട്ടാ ഈ കേള്‍ക്കുന്നത് നേരാണോ എന്ന ചോദ്യമാണ് ഉണ്ടായതെന്നും നേരല്ല എന്ന് ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെടേണ്ടി വന്നിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.