തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 150 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ ചിത്രമായ ജാൻ എ മൻ എന്ന ചിത്രത്തിലൂടെ മികച്ച വിജയം സ്വന്തമാക്കിയ ചിദംബരം, സർവൈവൽ- ത്രില്ലർ ചിത്രമായാണ് തന്റെ രണ്ടാം ചിത്രമൊരുക്കിയിരിക്കുന്നത്.
2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
1980-ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം ഗുണ എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഗുണയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാന ഭാഗമാണ്.
മഞ്ഞുമ്മൽ ചിത്രീകരണ സമയത്ത് കണ്മണി എന്ന ഗാനത്തിന്റെ
കോപ്പി റൈറ്റ്സ് കിട്ടുമോ എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ കൂടിയായ ചിദംബരം. കണ്മണി എന്ന ഗാനമില്ലാതെ മഞ്ഞുമ്മൽ എന്ന ചിത്രം അപൂർണമാണെന്നാണ് ചിദംബരം പറയുന്നത്.
“ക്ലൈമാക്സ് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയാണ്. പാട്ട് പ്ലെ ചെയ്തുകൊണ്ടാണ് വടംവലിച്ചത്. പടത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപെ കൺമാണി പാട്ടിന്റെ ഐഡിയ ഉണ്ടായിരുന്നു. ലിറിക്കലായി ഷോർട് ബൈ ഷോർട്ട് ചിദംബരത്തിന്റെ മനസിൽ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ സിനിമ ഇല്ലെന്ന് ആദ്യമെ ചിദംബരം പറഞ്ഞിരുന്നു. ഒരുസമയത്ത് പാട്ടിന്റെ റൈറ്റ്സ് കിട്ടുമോ ഇല്ലയോ.
എത്രയാകും ഇൻവെസ്റ്റ്മെന്റ് എന്ന ചിന്ത ഉണ്ടായിരുന്നു. അഥവ റൈറ്റ്സ് കിട്ടിയില്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചപ്പോൾ പോലും, ഈ പാട്ടില്ലാതെ സിനിമ നടക്കത്തില്ലെന്ന് കൃത്യമായി അറിയാരുന്നു. രാജ് കമലിന്റെ കയ്യിൽ ആയിരുന്നില്ല റൈറ്റ്സ് ഉണ്ടായിരുന്നത്. സോണിടെ ഹിന്ദിയിലെ ഏതെ പ്രൊഡക്ഷൻ കമ്പനിയുടെ പക്കലായിരുന്നു പാട്ട്.
അത്യാവശ്യം തെറ്റില്ലാത്ത തുകയ്ക്കാണ് നമുക്ക് റൈറ്റ്സ് കിട്ടിയതും. ഏറ്റവും അവസാനം ആയിരുന്നു ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തത്. അതിനായി കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ. പിന്നെ പടം കഴിയാൻ പോകുകയാണ്. ഫൈനൽ ഡേയ്സ് ആണ്. അതിന്റെ മൊത്തം ഇമോഷൻലും നമുക്ക് ഉണ്ടായി. ആ പാട്ട് തന്നെയാണ് സിനിമയുടെ ഇംപാക്ടും.
സ്ക്രിപ്റ്റിംഗ് കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് നമ്മൾ കേൾക്കുമായിരുന്നു. അയ്യായിരം പ്രാവശ്യമെങ്കിലും നമ്മളത് കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ നമ്മൾ ബോയ്സിന് മുഴുവൻ ഇതിൽ ഏത് ഷോട്ടാണ് ഇവിടെയാണ് എന്നെല്ലാം കൃത്യമായി അറിയാമായിരുന്നു. തിയറ്ററിൽ സിനിമ എത്തുന്നതിന് മുൻപ് തന്നെ ഇതൊക്കെ ആലോചിച്ച് രോമാഞ്ചം വന്നിട്ടുണ്ട്” എന്നാണ് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞത്.