‘ജയിലര്‍’ സിനിമ കണ്ടതിന് ശേഷം വിനായകനെ അഭിനന്ദിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കുമെന്നും അതില്‍ വ്യക്തിപരമായ അഭിപ്രായവ്യത്യാസം ബാധകമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജയിലര്‍ സിനിമ കാണാന്‍ എത്തിയപ്പോള്‍ ഒരു യൂട്യൂബ് ചാനലിനോടാണ് ഗണേഷ് പ്രതികരിച്ചത്.
”ജയിലര്‍ കണ്ടവരെല്ലാം പടം നല്ലതാണെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് സിനിമ കാണാന്‍ വന്നത്. അല്ലെങ്കിലും രജിനികാന്തിന്റെ പടമാണെങ്കില്‍ ഒന്നു കണ്ട് നോക്കും. പിന്നെ റിവ്യൂ വായിച്ചപ്പോള്‍ എല്ലാം പോസിറ്റീവാണ്. അതുകൊണ്ട് കാണാം എന്ന് കരുതി” എന്നാണ് ഗണേഷ് പറയുന്നത്.
‘സിനിമയില്‍ മോഹന്‍ലാലും വിനായകനുമൊക്കെ ഉണ്ടല്ലോ, വിനായകന്‍ പ്രതിനായകവേഷം ഗംഭീരമാക്കിയല്ലോ’ എന്ന ചോദ്യത്തിന് ”എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതായിരിക്കും, വിനായകനൊക്കെ നല്ല നടനല്ലേ, അതില്‍ ഒരു തര്‍ക്കവുമില്ല” എന്നുമായിരുന്നു ഗണേഷ് മറുപടി പറഞ്ഞത്.
വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണെന്നും അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗണേഷ് വ്യക്തമാക്കി. മുന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ വിനായകന്‍ നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിനോട് ഗണേഷ് പ്രതികരിക്കുകയും ചെയ്തിരുന്നു.