നിലവില്‍ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് ‘ലിയോ’. ഏതൊക്കെ റെക്കോഡുകളാകും ലിയോ തകര്‍ക്കുക എന്ന ചോദ്യമാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ മനസില്‍. ലിയോയെ കുറിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആദ്യം ലിയോയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായിരുന്നില്ല എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. ”ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്. മനംകവരുന്നതാണ് ലിയോ. ലിയോയ്ക്കായി ഞാന്‍ ഡബ് ചെയ്ത രംഗങ്ങള്‍ കണ്ടിരുന്നു. അതെല്ലാം മികച്ചതായി ലിയോയില്‍ വന്നിട്ടുണ്ട്.”
”ആദ്യം ലിയോയില്‍ എത്താന്‍ തയ്യാറായിരുന്നില്ല. വിക്രത്തിനായി ലോകേഷ് കനകരാജ് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ലിയോയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യണമെന്ന് പിന്നീട് ലോകേഷ് കനകരാജ് ആവശ്യപ്പെടുകയായിരുന്നു.”
”അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ട് ഏല്‍ക്കുകയായിരുന്നു” എന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കുന്നത്. അതേസമയം, ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതില്‍ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ഓഡിയോ ലോഞ്ച് നടത്താനിരുന്നത്.
എന്നാല്‍ സ്റ്റേഡിയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓഡിയോ ലോഞ്ച് ഉപേക്ഷിക്കുകയായിരുന്നു. ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട് എന്നായിരുന്നു പിന്നീട് എത്തിയ വാര്‍ത്തകള്‍. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഓഡിറ്റോറിയം അനുവദിക്കാത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.