നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകാണ്. സ്വവര്‍ഗ പ്രണയം വിഷയമാക്കിയ മൂത്തോന്‍ ചെയ്തത് 20 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗ അനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിനുവേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഗീതു മോഹന്‍ദാസ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം തന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്ദമാണ് മൂത്തോന്‍. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ള ചിത്രമാണിത്. നിങ്ങളിത് കാണണം.” മുന്നിലിരിക്കുന്ന എല്‍.ജി.ബി.ടി.ക്യു വിഭാഗത്തോട് സംസാരിക്കവേ വാക്കുകളിടറി നിറകണ്ണുകളോടെ ഗീതു പറഞ്ഞു.
“ഇത് മാറ്റത്തിനുള്ള സമയമാണ്. ക്വീര്‍ പ്രൈഡ് മാര്‍ച്ച് ഇനി അടുത്തവര്‍ഷം നടത്താനായി കാത്തിരിക്കേണ്ട. ഈ വര്‍ഷം തന്നെ നമുക്ക് കഴിയുന്നത് ചെയ്യണം. സിനിമയെന്ന മാധ്യമത്തിലൂടെ ഈ സമൂഹത്തിനുവേണ്ടി ചെയ്യാനാവുന്നത് ഞാനും ചെയ്യും.” ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.