ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങള്‍ക്കും പിന്നില്‍ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണെന്ന് ഓര്‍മ്മപ്പെടുത്തി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഗീതു മോഹന്‍ദാസിന്റെ പ്രതികരണം.
‘നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നാണ് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2017ല്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ മേഖലയിലെ അതിക്രമങ്ങള്‍ കണ്ടെത്താന്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31ന് ആയിരുന്നു സര്‍ക്കാരിന് കൈമാറിയത്. 2019ല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണ് ഉള്ളത്.
വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഓഗസ്റ്റ് 19ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പല നടിമാരും തങ്ങള്‍ ഉപദ്രവിക്കപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നുണ്ട്.