തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗോകുലും സുരേഷ് ഗോപിയുടെ ഭാര്യയും രംഗത്തിറങ്ങിയിരുന്നു. അതില്‍ നിന്ന് ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് മനസിലാക്കിയതെന്ന് ഗോകുല്‍ പറയുന്നു.
“അച്ഛന് പോകാന്‍ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയിരുന്നു. അതില്‍ നിന്നൊക്കെ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോല്‍ക്കുമെന്നുള്ള ഭയം കാരണം അവര്‍ ജനങ്ങളെ വളരെയധികം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായിരുന്നു. വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം. അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. അത്തരം ആരോപണങ്ങളോട് കടുത്ത വിഷമമുണ്ട്.” ഗോകുല്‍ പറഞ്ഞു.
സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോനെതിരായി ഉണ്ടായ സൈബര്‍ ആക്രമണം കാശിറക്കി കളിച്ച കളിയാണെന്നും ഗോകുല്‍ പറഞ്ഞു. ബിജുമേനോന്‍ അങ്കിളിന് നേരെ ആക്രമണമുണ്ടായ പ്രൊഫൈലുകള്‍ കുറേ ഞാന്‍ പരിശോധിച്ചു. അവയില്‍ ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകളാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എന്റെ കൂടി കടമയാണെന്ന് തോന്നിയതു കൊണ്ടാണ് ഞാന്‍ പിന്തുണയുമായി രംഗത്ത് എത്തിയതെന്നും ഗോകുല്‍ പറഞ്ഞു.