ഒരു സീനിയര്‍ കലാകരനെ കുറിച്ചാണ് പറയുന്നതെന്ന് അവര്‍ ചിന്തിച്ചില്ല, വ്യക്തിപരമായി വിഷമമേ ഉള്ളൂ; നിമിഷ സജയന്‍ വിഷയത്തില്‍ ഗോകുല്‍ സുരേഷ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വന്‍ വിജയം നേടിയതോടെ നടി നിമിഷ സജയനെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. സുരേഷ് ഗോപിയുടെ ‘തൃശൂര്‍ എനിക്ക് വേണം’ എന്ന വാചകത്തെ പരിഹസിച്ചു കൊണ്ട് നിമിഷ സംസാരിച്ചിരുന്നു. നാല് വര്‍ഷം മുമ്പുള്ള സംഭവം വീണ്ടും കുത്തിപ്പൊക്കിയാണ് നിമിഷയ്‌ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയത്.

”തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്…” എന്നായിരുന്നു നിമിഷ പറഞ്ഞത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. അന്ന് അച്ഛനെതിരെ സംസാരിച്ചപ്പോഴും വിഷമമുണ്ടായിരുന്നു, ഇന്ന് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുമ്പോഴും വിഷമമുണ്ട് എന്നാണ് ഗോകുല്‍ പറയുന്നത്.

”ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെ കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെ കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം.”

”അവരെ ഇപ്പോള്‍ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ” എന്നാണ് ഗോകുല്‍ യൂട്യൂബ് ചാനലുകളോട്‌ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, സുരേഷ് ഗോപിക്കെതിരെ വരുന്ന വിമര്‍ശനങ്ങളോടും ഗോകുല്‍ പ്രതികരിച്ചു.

”സുരേഷ് ഗോപിയെ തെറി വിളിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും മുന്നിലായിരുന്നു. നല്ലത് പറയാനും പിന്തുണയ്ക്കാനും ചിലരുണ്ടായിരുന്നെങ്കിലും അവര്‍ ചെറിയൊരു കൂട്ടം മാത്രമായി ഒതുങ്ങി. സുരേഷ് ഗോപിയെ മോശം പറയാനും തെറി വിളിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയവരായിരുന്നു കൂടുതലും. അതൊരു പക്ഷേ അവരുടെ അജണ്ടയാകും.”

”ഇപ്പോള്‍ സുരേഷ് ഗോപി ജയിച്ച് വന്നപ്പോള്‍ അദ്ദേഹത്തെ വേദനിപ്പിച്ച ചാനലുകാര്‍ തന്നെ പിന്തുണച്ചേക്കും. മാധ്യമങ്ങള്‍ ഒരാളെ താറടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തുടരുക തന്നെ ചെയ്യും. അങ്ങനെ അടിച്ചമര്‍ത്തി കൊല്ലാന്‍ ശ്രമിച്ചതിനെ അതിജീവിച്ച് അയാള്‍ വിജയിച്ച് വന്നാല്‍ ഈ വേദനിപ്പിച്ചവര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതാണ് വാസ്തവം” എന്നാണ് ഗോകുല്‍ പറയുന്നത്.