ഗൗതം മേനോന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തുന്ന എന്നെ നോക്കി പായും തോട്ടയുടെ റിലീസ് വൈകിയതിന് വലിയ ആരോപണങ്ങളാണ് സംവിധായകന്‍ നേരിട്ടത്. തന്നെ മാനസികമായി തളര്‍ത്തിയ ആരോപണങ്ങളോട് സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പ്രതികരിച്ചതിങ്ങനെ. സിനിമയ്ക്കകത്തെ കച്ചവടത്തിന്റെ ഇരയാണ് താനെന്നും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളൊക്കെയാണ് സംഭവിച്ചതെന്നും അഭിമുഖത്തില്‍ ഗൗതം മേനോന്‍ വ്യക്തമാക്കി.
നായകന്റെ ആരാധകര്‍ എത്തി ചീത്ത വിളിച്ചുകൊണ്ട് സിനിമയെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങനെയാണ് ശരിയാവുക. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. ഒരു സിനിമ റിലീസ് ചെയ്യാന്‍ അതിന്റേതായ ഒരു സമയമുണ്ട്, അപ്പോള്‍ അത് റിലീസ് ചെയ്യും. അത് നല്ലതോ ചീത്തതോ എന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ സിനിമ ഉണ്ടാക്കുന്നത് എന്റെ ജോലിയാണ്, അത് തീര്‍ക്കുന്നത് വരെ നിങ്ങള്‍ എന്നെ വെറുതെ വിടണം. ഗൗതം മേനോന്‍ പറഞ്ഞു.
സിനിമയില്‍ വരണമെന്നാഗ്രഹിക്കുന്നവര്‍ സിനിമയിലെ നല്ല കാര്യങ്ങള്‍ മാത്രമറിഞ്ഞു കൊണ്ട് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
2016-ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രം മനഃപൂര്‍വ്വം വൈകിക്കുകയാണെന്ന് ആരോപിച്ച് ആരാധകരുടെ വക വലിയ അധിക്ഷേപമാണ് സംവിധായകന്‍ നേരിട്ടത്.
മേഘാ ആകാശാണ് “എന്നെ നോക്കി പായും തോട്ട”യില്‍ നായിക. ജോമോന്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ധര്‍ബുക ശിവയാണ് സംഗീതം.