കോസ്റ്റ്യൂം ട്രയൽ കഴിഞ്ഞപ്പോഴാണ് ലില്ലികുട്ടിയെ കുറിച്ച് ഏകദേശ ധാരണ കിട്ടിയത്..: ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. പിന്നീട് കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കോമഡി കൈകാര്യം ചെയ്യുന്നതിൽ പുതുതലമുറ നടിമാരിൽ ഗ്രേസ് ആന്റണി ഇന്നും മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും, നാഗേന്ദ്രൻസ് ഹണിമൂണിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. കോസ്റ്റ്യൂം ട്രയൽ കഴിഞ്ഞപ്പോഴാണ് കഥാപാത്രം എങ്ങനെ ചെയ്യണമെന്നുള്ള ഏകദേശ രൂപം തനിക്ക് കിട്ടിയതെന്നാണ് ഗ്രേസ് പറയുന്നത്.

ലൊക്കേഷനിൽ ചെന്ന് കഴിഞ്ഞാണ് ലില്ലിക്കുട്ടിയെക്കുറിച്ച് ഒരു ധാരണ ഉണ്ടായത്. കോസ്റ്റ്യൂം ട്രയലിനു ചെന്നപ്പോഴാണ് രസം. ഞാൻ ധരിക്കേണ്ടത് ചട്ടയും മുണ്ടുമാണ്. അത് ധരിച്ചപ്പോൾ തന്നെ കഥാപാത്രത്തിന്റെ ഏകദേശ ധാരണ ഉള്ളിലേക്ക് കടന്നു.
പഴയകാലത്ത് 70കളിലെ ക്രിസ്ത്യാനി സ്ത്രീയുടെ കഥാപാത്രമാണ്. ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള കഥാപാത്രമാണ് ലില്ലിക്കുട്ടി. ഞാൻ നിതിൻ ചേട്ടനോട് പറഞ്ഞു ഞാൻ ചെയ്തു കാണിക്കാം, അത് ഒരുപാട് അധികമായി പോകുന്നുണ്ടോ എന്ന് പറയണം.

കാരണം ആ കഥാപാത്രത്തെ മോശമാക്കാതെ അതിനെ ചെയ്തു ഫലിപ്പിക്കണമല്ലോ അതുപോലെതന്നെ ആളുകളെ ചിരിപ്പിക്കുകയും വേണം. നിതിൻ ചേട്ടൻ എല്ലാം എന്റെ സ്വാതന്ത്ര്യത്തിന് വിട്ടിരുന്നു. എങ്കിലും ഓരോ തവണ ഷോട്ട് എടുക്കുമ്പോഴും ഞാൻ ഇതാണ് ചെയ്യാൻ പോകുന്നത് ഇതു മതിയോ എന്ന് ചോദിക്കും.

ഓരോ ഷോട്ട് എടുക്കുമ്പോഴും അദ്ദേഹം ഇങ്ങനെ തന്നെ മതി എന്നു പറയും. പിന്നീട് എപ്പോഴെങ്കിലും ഒരു ഷോട്ട് എടുക്കുമ്പോൾ ഞാൻ ചെയ്യുന്നത് വ്യത്യാസം ഉണ്ടെങ്കിൽ അത് ഗ്രേസ് നേരത്തെ ചെയ്തത് പോലെ ചെയ്യൂ എന്ന് പറയും. എന്നെ തന്നെ ഉദാഹരണം കാണിച്ചാണ് നിതിൻ ചേട്ടൻ ഈ കഥാപാത്രം ചെയ്യിപ്പിച്ചെടുത്തത്. എനിക്ക് വളരെയധികം താല്പര്യം തോന്നിയ ഒരു കഥാപാത്രമാണ് ലില്ലിക്കുട്ടി. നാലുദിവസംകൊണ്ട് ഞങ്ങൾ ആ എപ്പിസോഡ് ചെയ്തു തീർത്തു.” എന്നാണ് മനോരമ ഓണലൈനിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.

അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.