ഞാൻ നെഞ്ചിൽ മുഖം ചേർത്ത് മൂക്ക് ഉരച്ചു കരയുമ്പോൾ, സുരാജേട്ടന് ഇക്കിളി കൂടിയിട്ട് ചിരി വരുന്നുണ്ടായിരുന്നു; ലില്ലികുട്ടിയെ കുറിച്ച് ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. പിന്നീട് കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കോമഡി കൈകാര്യം ചെയ്യുന്നതിൽ പുതുതലമുറ നടിമാരിൽ ഗ്രേസ് ആന്റണി ഇന്നും മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും, നാഗേന്ദ്രൻസ് ഹണിമൂണിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. കരയുന്ന രംഗം ചിത്രീകരിക്കുമ്പോൾ സുരാജ് വെഞ്ഞാറമൂട് ചിരിക്കുകയായിരുന്നുവെന്നാണ് ഗ്രേസ് പറയുന്നത്.

“സുരാജേട്ടൻ എന്നെ ഇട്ടിട്ട് പോകുന്ന സീനിൽ ഞാൻ നെഞ്ചുംതല്ലി കരഞ്ഞുകൊണ്ട് ഓടി ചെല്ലുകയാണ്. പക്ഷേ ഞാൻ ചെല്ലുമ്പോഴേക്കും സുരാജേട്ടൻ അവിടെ കിടന്നു ചിരിക്കുകയാണ്. ഒരുവിധത്തിലും ഇത് എടുത്തു തീർക്കാൻ സമ്മതിക്കില്ല. സുരാജ് ചേട്ടൻ ചിരിയോട് ചിരി. അവസാനം ഞാൻ സുരാജ് ചേട്ടനോട് കാലുപിടിച്ചു പറഞ്ഞു, ‘‘എന്റെ പൊന്നു ചേട്ടാ നിങ്ങൾ ചിരി നിർത്തു ഞാനിത് എങ്ങനെയെങ്കിലും ഒന്ന് ചെയ്തു തീർക്കട്ടെ’’. ആ സീനിൽ നമ്മൾ എനർജി കൂടുതൽ എടുത്തിട്ടാണ് ചെയ്യുന്നത്. നോർമൽ ആയിട്ടുള്ള ഒരാൾ കരയുന്നത് പോലെ അല്ല ലില്ലിക്കുട്ടി കരയുന്നത്. അതുകൊണ്ട് തന്നെ എനിക്ക് നല്ല സ്ട്രെയിൻ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു എന്റെ പൊന്നു സുരാജേട്ടാ ഞാൻ ഒന്ന് കരഞ്ഞോട്ടെ അത് കഴിഞ്ഞ് ചേട്ടനു ചിരിക്കാം. ഞാൻ ചേട്ടന്റെ നെഞ്ചിൽ മുഖം ചേർത്ത് മൂക്ക് ഉരച്ചു നിന്ന് കരയുന്ന ഒരു സീൻ ഉണ്ട്.

സുരാജേട്ടന് അത് ചെയ്യുമ്പോൾ ഭയങ്കരമായിട്ട് ഇക്കിളി കൂടിയിട്ട് ചിരി വരുന്നുണ്ടായിരുന്നു. സുരാജേട്ടൻ എന്നോട് പറഞ്ഞു നീ കരഞ്ഞോ എന്റെ ദേഹത്ത് തൊടാതെ കരഞ്ഞോ . ഞാൻ പറഞ്ഞു ലില്ലിക്കുട്ടി ഇങ്ങനെയാണ് കരയുന്നത് ഞാൻ ദേഹത്ത് തൊട്ടേ കരയുകയുള്ളൂ. അങ്ങനെ ആ സീനൊക്കെ എടുത്തത് ഭയങ്കര രസമായിരുന്നു. സെറ്റിൽ ഉള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ നമ്മൾ ചെയ്യുന്നതിൽ ചിരി വരുന്നുണ്ട് എന്ന പ്രതികരണം നമുക്ക് കിട്ടുമല്ലോ. മാനസിക അസുഖമുള്ളവരുടെ ഇമോഷൻ നമുക്ക് പെട്ടെന്ന് കൺട്രോൾ ചെയ്യാൻ പറ്റില്ല. അവരുടെ സ്വഭാവം പെട്ടെന്ന് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. പെട്ടെന്ന് കരച്ചിൽ വരും, ചിരി വരും, പൊട്ടിത്തെറിക്കും അങ്ങനെയാണല്ലോ. അതെല്ലാം സ്പോട്ടിൽ തന്നെയാണ് ഇമ്പ്രൊവൈസ് ചെയ്തത്. എന്നാണ് മനോരമ ഓണലൈനിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.

അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.