താനൂരില്‍ 22 പേരുടെമരണത്തിനിടയാക്കിയ ബോട്ടുദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. സംഭവത്തില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി ഉള്‍പ്പെടെ അപകടത്തില്‍ അനുശോചനം അറിയിച്ചു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ഇതിനിടെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നടന്‍ ഹരീഷ് കണാരന്‍ ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്. ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകള്‍ ഫിറ്റ്‌നസ് പരിശോധിക്കലാകും ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ചിലപ്പോള്‍ വാഹനങ്ങളുടെ രൂപത്തില്‍.ചിലപ്പോള്‍ ഹോട്ടലുകളുടെ രൂപത്തില്‍. ഇപ്പോള്‍ ബോട്ടിന്റെ രൂപത്തില്‍..ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്‌നസ്സ് പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..എല്ലാം താല്‍ക്കാലികം മാത്രം..വെറും പ്രഹസനങ്ങള്‍ മാത്രം..താനൂരിലെ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍..