‘ചാവേര്‍’ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സിനിമയ്‌ക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുണ്ടെന്നും അതുകൊണ്ട് താന്‍ സിനിമ കാണാന്‍ പോകുക ആണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നാലെ സിനിമ കണ്ടതിന് ശേഷമുള്ള അഭിപ്രായവും താരം പങ്കുവച്ചിട്ടുണ്ട്.
ഒരു സിനിമ എന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ച്ചയാണിത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മായ്ക്കാന്‍ ശ്രമിച്ചിട്ടും മായുന്നില്ല, അവ വേട്ടയാടി കൊണ്ടിരിക്കുകയാണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഹരീഷ് പേരടിയുടെ കുറിപ്പ്:
രാഘവന്‍ പെരുവണ്ണാന്റെ ‘മോനെ ‘എന്ന അലര്‍ച്ച .’ഒന്‍ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാന്‍ പറയൂല്ലാ’ എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,’ഇങ്ങള് ആരാ?എന്തിനാ?’എന്ന ആരോടെന്നില്ലാത്ത ചോദ്യം,’ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി’..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല.. മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ച്ച..ജോയേട്ടാ.ടിനു. നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്. അശോകന്‍=ശോകമില്ലാത്തവന്‍. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവര്‍ത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചന്‍.
ഈ പകര്‍ന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക്. പെപ്പേ..മായ്ക്കാന്‍ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം… വേട്ടയാടികൊണ്ടേയിരിക്കുന്നു. മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ. മലയാളി കുടുംബങ്ങള്‍ തിയേറ്ററുകള്‍ നിറക്കേണ്ട സിനിമ തന്നെയാണ് ചാവേര്‍.