ഐഎഫ്എഫ്കെ വേദിയിലെ നടൻ പ്രകാശ് രാജിന്റെ പ്രസംഗത്തിനെതിരെ ഹരീഷ് പേരടി രംഗത്ത്. കേരളത്തിൽ വരാൻ എപ്പോഴും സന്തോഷമാണെന്നും കേരളീയരുടെ സ്‌നേഹവും വിശ്വാസങ്ങളും പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നുമായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.
എന്നാൽ ഉദ്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ് എന്നാണ് ഹരീഷ് പേരടി പറയുന്നത്. കൂടാതെ അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു…അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത്…മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു എന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. ഫേയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടി രഞ്ജിത്തിനെതിരെ രംഗത്തുവന്നത്.
ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യ വിരുദ്ധമാണ്..ആ ഉദ്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ്. ആ ആൾ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യർ കൂവി വിളിച്ചത്…അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും..താങ്കൾ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്…
അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു…അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത്…മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു…മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും..ആൾ ദൈവം അവിടെത്തനെയുണ്ടാവും…അതുകൊണ്ട് പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക, സ്വാഗതം.”