‘ദി കേരള സ്റ്റോറി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം സിനിമ എല്ലാവരും കാണുമെന്നും വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ ഒടിടിയില്‍ എത്തും…എല്ലാവരും കാണും…ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്…
സംവിധായകന്‍ ആഷിക്ക് അബുവിന്റെ വാക്കുകള്‍ ഇവിടെ പ്രസ്‌ക്തമാണ്…’ബോംബുകള്‍ ഉണ്ടാക്കുന്നതിനു പകരം അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ’ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ’, എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
കേരള സ്റ്റോറിയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെയാണ് സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായിക അദാ ശര്‍മ്മയും രംഗത്തെത്തി. ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിപ്പിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് നടി പറഞ്ഞു.