മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ഹേറ്റ് ക്യാംപയ്ൻ എന്നറിയപ്പെടുന്ന നിരവധി കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ട ആളാണ് മോഹൻലാൽ എന്നാണ് ഹരീഷ് പേരടി പറയുന്നത്. കൂടാതെ ഇനി വരാൻ പോകുന്നത് വാലിബന്റെ തേരോട്ടമാണെന്നും ലോകസിനിമയിലേക്ക് മലയാളത്തിൽ നിന്നുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കയ്യൊപ്പാണ് ചിത്രമെന്നും ഹരീഷ് പേരടി പറയുന്നു.
“43 വര്‍ഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്. ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്‍ക്കുന്ന ആളുകളെപോലെ.
ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയ്യറ്ററില്‍ എത്താന്‍ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നത്.