വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹരീഷിനെതിരെ ചില കോണുകളില്‍ നിന്നും മോശം കമന്റുകള്‍ ഉണ്ടാകുന്നുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
‘ഇവിടെ കിടന്നു കരയുന്ന വര്‍ഗീയ വാദികളോടു ആണ് – കുന്തിരിക്കം പുകക്കാന്‍ പറഞ്ഞവരോടും , വാള്‍ എടുത്തവരോടും , മതത്തിന്റെ പേരില്‍ മനുഷ്യന്‍നെ തമ്മില്‍ തല്ലിക്കാന്‍ നടക്കുന്ന സകലരോടും ഒരേ കാഴ്ചപ്പാട് ആണ്. അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. സ്‌നേഹവും സഹിഷ്ണുതയും സമാധാനവും പഠിപ്പിക്കേടോ എന്ന എഴുതിയ പോസ്റ്റ് കാണുമ്പോ ഹാലിളകുന്ന മനോനില അതി ഭീകരം തന്നെ’ ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു.
പ്രകടനത്തെക്കുറിച്ച് ഹരീഷ് രാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’,
നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്.