ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. താന്‍ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹം പ്രചേദനത്തിന്റെ തണല്‍ മരം ആണെന്നും അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് വലിയ സുകൃതമായി കാണുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എണ്‍പത് വര്‍ഷം ജീവിച്ചു എന്നതിനേക്കാള്‍ വലിയ കാര്യം അതില്‍ അമ്പത് വര്‍ഷത്തിലേറെയായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള ആരാധക ലക്ഷങ്ങളെ ആനന്ദിപ്പിക്കാന്‍, അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിനായി എന്നതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ വാക്കുകള്‍
ചെറുപ്പത്തില്‍ ഞാന്‍ അടക്കമുളള തലമുറയുടെ സ്‌ക്രീന്‍ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചന്‍. നമ്മുടെ ഇന്ത്യന്‍ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി.
ശരിക്കും ഇന്ത്യന്‍ സിനിമയ്ക്ക് ഞാന്‍ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരം. കാലത്തിന് കീഴ്‌പ്പെടുത്താനാകാത്ത പ്രതിഭാസം. സംസ്‌ക്കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരുവായ താരത്തിനൊപ്പം നടന്‍ എന്ന നിലയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യമാണ്. അതിലൊന്നു ഹിന്ദി സിനിമയായിരുന്നു, ഒന്ന് മലയാളവും. ഇതെന്റെ ജീവിതത്തിലെ സുകൃതമായി ഞാന്‍ കാണുന്നു.
അദ്ദേഹത്തെ സംബന്ധിച്ച് എണ്‍പത് വര്‍ഷം ജീവിച്ചു എന്നതിനേക്കാള്‍ വലിയ കാര്യം അതില്‍ അമ്പത് വര്‍ഷത്തിലേറെയായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആരാധക ലക്ഷങ്ങള്‍ ആനന്ദിപ്പിക്കാന്‍ അഭിനേതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് ആയി എന്നതാണ്.
എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ വണ്‍ ആന്‍ഡ് ഓണ്‍ലി ബിഗ് ബിക്ക് എന്റെ ഹൃദയത്തിനുളളില്‍ നിന്ന് ആശംസയുടെ റോസാ ദളങ്ങള്‍ ഞാന്‍ സമര്‍പ്പിക്കട്ടെ. ഇനിയുമേറെ വര്‍ഷം ആയുരാരോഗ്യ സൗഖ്യത്തോടെ അഭിനയപ്രതിഭ കൊണ്ട് രസിപ്പിക്കാന്‍ ജഗദീശന്‍ അദ്ദേഹത്തിന് അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ബച്ചന്‍ സാര്‍ വിത്ത് ലോട്‌സ് ഓഫ് ലവ് ആന്‍ഡ് പ്രയേഴ്‌സ്