ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷയാണോ എന്നതരത്തിലുള്ള ചര്‍ച്ച വിവാദമാകുന്നതിനിടയില്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറയുന്നു. ഹിന്ദിക്കാര്‍ നല്ലവരാണെന്നും അവരോട് സംസാരിക്കണമെങ്കില്‍ ഹിന്ദി നമ്മള്‍ പഠിക്കണമെന്നുമാണ് സുഹാസിനി പറഞ്ഞത്.
അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിലുള്ള ഭാഷാ വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം.ഹിന്ദി നല്ല ഭാഷയാണ്. നിങ്ങള്‍ അത് പഠിക്കണം. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരോട് സംസാരിക്കണമെങ്കില്‍ ആ ഭാഷ പഠിക്കണം. തമിഴരും നല്ലവരാണ്. നമ്മള്‍ അവരോട് തമിഴില്‍ സംസാരിച്ചാല്‍ അവര്‍ സന്തോഷിക്കും. എല്ലാവരും തമിഴ് പറഞ്ഞാല്‍ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാന്‍ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരി അല്ലാതായി മാറില്ല’, സുഹാസിനി പറയുന്നു.
അതേസമയം, ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരിച്ച് ഗായകന്‍ സോനു നിഗവും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത് രാഷ്ട്ര ഭാഷയല്ലെന്നാണ് പത്മശ്രീ ജേതാവായ ഗായകന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദി ദേശീയ ഭാഷയാണെന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ എവിടെയും എഴുതി വെച്ചിട്ടില്ലെന്ന് താരം പറയുന്നു.