തന്നെ അലട്ടുന്ന ഭയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഹണി റോസ്. സ്വയം ധൈര്യമുണ്ടെന്ന് പറഞ്ഞ് പഠിപ്പിച്ചാണ് താന്‍ മുന്നോട്ട് പോകുന്നത്. എങ്കിലും പേടി എപ്പോഴുമുണ്ട്. ഈയടുത്ത് തനിക്ക് ഉണ്ടായ ഭയത്തെ കുറിച്ചും ഒടുവില്‍ ഡോക്ടറോട് എന്തെങ്കിലും മരുന്ന് തരാന്‍ പറഞ്ഞതിനെ കുറിച്ചുമാണ് ഹണി പറയുന്നത്.
തനിക്ക് എപ്പോഴും ഒരു പേടിയുണ്ട്. അത് എന്തിനാണെന്ന് ചോദിച്ചാല്‍ അറിയില്ല. ഒരു സംഭവം നടക്കുമ്പോള്‍ നമ്മള്‍ പറയും നിങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ പോരാ, ബോള്‍ഡായിരിക്കണം, നിങ്ങളൊരു സ്ത്രീയല്ലേ എന്നൊക്കെ. പക്ഷെ അവരുടെ ജീവിത സാഹചര്യം നമ്മള്‍ അറിയുന്നില്ല. അവരുടെ മാനസികാവസ്ഥ നമ്മള്‍ അറിയുന്നില്ല.
ഭയങ്കര ധൈര്യമാണെന്ന് പറയുന്നത് ഇഷ്ടമുള്ളയാളാണ് താന്‍. പക്ഷെ തനിക്ക് ധൈര്യമൊന്നുമില്ല. അങ്ങനെയുള്ള ഒരാളല്ല. ‘എന്നെക്കൊണ്ട് പറ്റും, എനിക്ക് ധൈര്യമുണ്ട്’ എന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചാണ് ഓരോ ദിവസവും സ്വയം പഠിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. താന്‍ ഭയങ്കര ധൈര്യശാലിയല്ല. ധൈര്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.
അടുത്തിടെ തനിക്ക് ഭയങ്കര പേടിയുള്ളത് വിമാനത്തില്‍ കയറാനാണ്. ദൈവമേ ഇത് പൊട്ടിത്തെറിച്ച് താഴേക്ക് വീഴല്ലേ എന്ന് പ്രാര്‍ത്ഥിക്കും. നേരത്തെ ആ പേടിയുണ്ടായിരുന്നില്ല. ഈയ്യടുത്ത് ആരംഭിച്ചതാണ്. താന്‍ ഡോക്ടറെ വിളിച്ച് എന്തെങ്കിലും മരുന്ന് തരണം തന്നെ കൊണ്ട് പറ്റുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്.
മുമ്പ് ഒന്നും പ്രശ്‌നവും തോന്നിയിട്ടില്ല. ഈയ്യടുത്ത് ഒരു തവണ യാത്ര ചെയ്തപ്പോള്‍ ഭയങ്കര ടര്‍ബുലന്‍സ് ആയിരുന്നു. അതായിരിക്കണം കാരണം. വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട. ബോഡിയെങ്കിലും തിരിച്ച് കിട്ടണം എന്നാണ് ഹണി റോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.