അടുത്തിടെയായി ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് ഹണി റോസ്. ക്രൂരമായി വിമര്‍ശിക്കപ്പെടുന്നതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ‘മോണ്‍സ്റ്റര്‍’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ പരാജയമായിരുന്നെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ഹണി റോസ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ താന്‍ ചെയ്ത ലിപ്‌ലോക്ക് സീന്‍ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചു എന്നാണ് ഹണി പറയുന്നത്. ‘വണ്‍ ബൈ ടു’ എന്ന മുരളി ഗോപി സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് താരം തുറന്നു പറഞ്ഞത്.
ലിപ് ലോക്കുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല. ഷൂട്ട് തുടങ്ങിയ ശേഷമാണ് അക്കാര്യം പറയുന്നത്. അവര്‍ തന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിപ്പിച്ചു. അതിനാല്‍ തനിക്ക് കുഴപ്പം തോന്നിയില്ല. തെറ്റില്ലെന്നും തോന്നി. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പക്ഷെ അവര്‍ ആ സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോള്‍ തനിക്ക് വിഷമം തോന്നി. മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും. അവര്‍ അത് ഉപയോഗിച്ച രീതിയാണ് തന്നെ വിഷമിപ്പിച്ചത് എന്നാണ് ഹണി റോസ് പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വണ്‍ ബൈ ടു.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ശ്രുതി രാമകൃഷ്ണന്‍, അഭിനയ, ശ്യാമപ്രസാദ് തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു. അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ ‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രമാണ് ഹണിയുടെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.