നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് കേസ് നല്‍കിയത്. ഇനിയും താന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി, അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത് എന്നാണ് ഹണി റോസ് മനോരമയോട് പ്രതികരിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടാണിത്. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി. വീട്ടുകാര്‍ക്കും ഇത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്. 2 വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം അപമാനം സഹിക്കുന്നു. ഞാന്‍ പോസ്റ്റില്‍ പേര് വെളിപ്പെടുത്താതെ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ മാനേജരാണ്.
അവിടെ ചടങ്ങിന് ചെന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പെരുമാറ്റം ഷോക്കിങ് ആയി. ഇനിയൊരിക്കലും നിങ്ങളുടെ സ്ഥാപനത്തിലെ ചടങ്ങിലേക്ക് വിളിക്കരുതെന്ന് അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. വൈകാതെ മറ്റൊരു ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ എത്തിയപ്പോള്‍ ഈ വ്യക്തി വേദിയിലിരിക്കുന്നു. തനിക്കത് അപ്രതീക്ഷിതമായി.
തന്നെ കുറിച്ചു മോശമായ വാക്കുകള്‍ പറഞ്ഞ് താനും ഹണിക്കൊപ്പം ഈ ചടങ്ങിനുണ്ടെന്ന വീഡിയോ ഇയാള്‍ തലേന്ന് പുറത്തുവിട്ടിരുന്നു. ഈ വ്യക്തി പങ്കെടുക്കുന്ന കാര്യം സംഘാടകര്‍ പറഞ്ഞിരുന്നില്ല എന്നാണ് ഹണി റോസ് പറയുന്നത്. അതേസമയം, ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. അതേസമയം നടിക്ക് അമ്മ സംഘടന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.