വിക്രാന്ത് മാസെയെ പ്രധാന കഥാപാത്രമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ’12th ഫെയിൽ’ എന്ന ചിത്രത്തിന് നിരവധി പ്രേക്ഷക-നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്.
രോഹിത് ഷെട്ടി, അനുരാഗ് കശ്യപ്, റാണി മുഖർജി, കത്രീന കൈഫ്, ജാൻവി കപൂർ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം രംഗത്തെത്തിയത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ഫിലിം മേക്കിങ്ങിലെ മാസ്റ്റർ ക്ലാസ് ആണ് 12th ഫെയിൽ എന്നാണ് ഹൃത്വിക് റോഷൻ പറയുന്നത്.
“ഒടുവിൽ 12th ഫെയിൽ കണ്ടു. ഫിലിം മേക്കിങ്ങിൽ ഇത് തികച്ചും ഒരു മാസ്റ്റർ ക്ലാസ് തന്നെയാണ്. എല്ലാത്തിനും ഉപരിയായി ചിത്രത്തിലെ ഓരോ നിമിഷങ്ങളും മെച്ചപ്പെടുത്തുന്നതിന് സൗണ്ടിൻ്റെയും സൗണ്ട് എഫക്റ്റിന്റെയും ഉപയോഗത്തിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. ബ്രില്ല്യന്റ് പെർഫോമൻസുകൾ. മിസ്റ്റർ ചോപ്ര, എന്തൊരു സിനിമ! ഈ ചിത്രത്തിന് നന്ദി. ഇതിൽ നിന്ന് ഞാൻ ആഴത്തിൽ പ്രചോദിതനാണ്.”എന്നാണ് ഹൃത്വിക് റോഷൻ എക്സിൽ കുറിച്ചത്.