സ്ത്രീ പ്രാധാന്യമുണ്ടെന്ന് വെച്ച് അത്തരം സിനിമകളെ സ്ത്രീ കേന്ദ്രീകൃത സിനിമകളെന്ന് വിളിക്കരുതെന്ന് ബോളിവുഡ് നടി ഹുമ ഖുറേഷി. രണ്ട് പുരുഷന്മാര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയെ പുരുഷ കേന്ദ്രീകൃത സിനിമകള്‍ എന്ന് വിളിക്കുന്നില്ലെന്നും നടി ചൂണ്ടിക്കാട്ടി.
സ്ത്രീയോ പുരുഷനോ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമകളെ സിനിമകള്‍ എന്ന് വിളിക്കാമെന്നും മറ്റൊരു തരത്തിലും അതിനെ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും ഹുമ ഖുറേഷി കൂട്ടിച്ചേര്‍ത്തു. ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘സ്ത്രീ പ്രാധാന്യമുള്ള സിനിമകളെ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന് വിളിക്കരുത്. രണ്ട് പുരുഷ താരങ്ങള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയെ ‘പുരുഷ കേന്ദ്രീകത’ സിനിമയെന്ന് ഞങ്ങള്‍ സ്ത്രീകള്‍ വിളിക്കുന്നില്ല. നായകന്റെ സിനിമ അല്ലെങ്കില്‍ നായികയുടെ സിനിമ എന്നൊന്നില്ല.
നമുക്ക് സിനിമ എന്ന് തന്നെ വിളിക്കാം. ഇത്തരത്തിലുള്ള ടാഗിംഗ് ഉപേക്ഷിക്കണം. മോണിക്ക എന്ന കഥാപാത്രം സാധാരണ രീതിയില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. വലിയ തയാറെടുപ്പുകള്‍ ഒന്നും ചെയ്തിട്ടില്ല’, ഹുമ ഖുറേഷി കൂട്ടിച്ചേര്‍ത്തു.