പൊലീസില്‍ പരാതി നല്‍കാന്‍ തയാറല്ല, ഞാന്‍ 'അമ്മ'യില്‍ അംഗവുമല്ല.. ഷൈന്‍ ലഹരി നിര്‍ത്തുന്നത് വരെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തണം: വിന്‍സി

പൊലീസില്‍ പരാതി നല്‍കാന്‍ തയാറല്ലെന്നും നിയമനടപടികളുമായി തൽക്കാലം മുന്നോട്ടു പോകില്ലെന്നും നടി വിൻസി അലോഷ്യസ്. സിനിമയിലുണ്ടായ പ്രശ്നം സിനിമക്കുള്ളിൽ തീർക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിന്‍സി പറഞ്ഞു. നീതി അല്ല ഞാൻ ആഗ്രഹിക്കുന്നത് ഒരു മാറ്റമാണെന്നും വിൻസി വ്യക്തമാക്കി. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്‌തിയുടെ നേർക്ക് ബോധമില്ലാതെ പെരുമാറാൻ പാടില്ല എന്നുള്ളതാണ് ഞാൻ പറയുന്നതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.

അമ്മ ഉൾപ്പടെയുള്ള എല്ലാ സംഘടനകളിൽ നിന്നും ആളുകൾ വിളിച്ചെന്നും പിന്തുണ അറിയിച്ചെന്നും വിൻസി കൂട്ടിച്ചേർത്തു. സിനിമ സംഘടനകൾ പറഞ്ഞാൽ മാത്രമേ ഞാൻ പൊലീസുമായി ബന്ധപ്പെട്ട നടപടികൾക്ക് തയ്യാറാവുകയുള്ളൂ എന്നും വിൻസി പറഞ്ഞു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല അതുകൊണ്ട് എനിക്ക് നീതി ലഭിക്കും എന്ന് തന്നെ കരുതുന്നുവെന്നും വിൻസി പറഞ്ഞു

വിൻസിയുടെ വാക്കുകൾ

‘ഇത് സിനിമയുടെ ഇൻ്റേണൽ കമ്മിറ്റിയിൽ തീരുമാനം ആക്കേണ്ട കാര്യമാണ്. ഇത് സിനിമയിലാണ് സംഭവിച്ചിട്ടുള്ളത്. അദ്ദേഹം സിനിമയുടെ അതിർത്തി വിട്ട് പുറത്തുപോയി എന്തെങ്കിലും ചെയ്താൽ നിയമം കാര്യമായി ഇടപെടേണ്ടതാണ്. സിനിമയ്ക്കുള്ളിൽ സംഭവിച്ചത് സിനിമയ്ക്ക് ഉള്ളിൽ തന്നെ തീർക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പരാതി നൽകിയതിന് ശേഷം എല്ലാ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും എനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, അമ്മ, തുടങ്ങി എല്ലാ സംഘടനകളും എന്നെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇനിയിപ്പോൾ ഈ പരാതിയിൽ കൂടുതൽ എന്ത് ചെയ്യണം എന്നുള്ളതിൻ്റെ ആലോചനകൾ നടക്കുകയാണ്.

സിനിമയിലെ ആഭ്യന്തരപരാതി സെല്ലായ ഐസിസിയിൽ പരാതി നൽകിയിട്ടുണ്ട് ഫിലിം ചേംബറിന്റെ മോണിറ്ററിംഗ് കമ്മിറ്റിയിലും പരാതിപ്പെട്ടു. നമ്മളെ അവർ ഫോളോ അപ്പ് ചെയ്തു‌ കൊണ്ടിരിക്കുകയാണ്. മറ്റ് നിയമനടപടിയുമായി മുന്നോട്ടു പോകാൻ ഞാൻ തയ്യാറല്ല. ആദ്യം സിനിമയിലാണ് ഒരു മാറ്റം ഉണ്ടാകേണ്ടത്. സിനിമ സംഘടനകൾ പറഞ്ഞാൽ മാത്രമേ ഞാൻ പോലീസുമായി ബന്ധപ്പെട്ട നടപടികൾക്ക് തയ്യാറാവുകയുള്ളൂ. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല അതുകൊണ്ട് എനിക്ക് നീതി ലഭിക്കും എന്ന് തന്നെ കരുതുന്നു. നീതി അല്ല ഞാൻ ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്. സംഭവിച്ചത് തിരുത്താൻ ഒന്നും കഴിയില്ലല്ലോ. സിനിമ സെറ്റിൽ ഇത് ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്‌തിയുടെ നേർക്ക് ബോധമില്ലാതെ പെരുമാറാൻ പാടില്ല എന്നുള്ളതാണ് ഞാൻ പറയുന്നത്. മലയാളം സിനിമകളിൽ ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കും എങ്കിൽ അതൊരു വലിയ മാറ്റമാണ്.

കുറെ പ്രൊഡ്യൂസഴ്സ് പണം മുടക്കിയിരിക്കുന്ന കുറെ സിനിമകളിൽ അദ്ദേഹം ഭാഗമായിരിക്കും. ചിലപ്പോൾ പ്രധാന നടനായിരിക്കാം അല്ലെങ്കിൽ റിലീസിന് ഒരുങ്ങുന്ന ചില പടങ്ങൾ ഉണ്ടാകും. അദ്ദേഹത്തിന്റെ ആ സിനിമകൾ തീർക്കാനുള്ള അനുമതി കൊടുക്കുക. അല്ലെങ്കിൽ ഇയാളെ വേണ്ട എന്ന് വയ്ക്കാനുള്ള ധൈര്യമുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ. അല്ലെങ്കിൽ ഈ സിനിമകൾ തീർത്തു കഴിഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ലഹരി ഉപയോഗവും പെരുമാറ്റ ദൂഷവും മാറുന്നത് വരെ അദ്ദേഹം മലയാള സിനിമയുടെ പുറത്ത് നിൽക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ പറയുന്നത് ബോധമുള്ള ആളുകൾക്ക് മനസ്സിലാകുന്ന കാര്യമാണെന്ന് എനിക്കറിയാം. അങ്ങനെ വ്യക്‌തതയും ബോധവുമുള്ള ആളുകൾ ഞാൻ ഇത് പറഞ്ഞതുകൊണ്ട് എനിക്ക് സിനിമ നൽകേണ്ട എന്ന് തീരുമാനിക്കില്ല എന്ന് കരുതുന്നു. ഞാൻ പറഞ്ഞതൊക്കെ നല്ല രീതിയിൽ എടുക്കുന്നവർ എനിക്ക് അവസരം തരാതെ മാറ്റി നിർത്തും എന്ന് കരുതുന്നില്ല. ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ, നേരിട്ട കാര്യങ്ങൾ തുറന്നു പറയുകയല്ലേ ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഞാൻ ശിക്ഷിക്കപ്പെടേണ്ട കാര്യമില്ല.’

Read more