അങ്കിള്‍ മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവിടെ പോയില്ല, ഓര്‍മ്മയിലെന്നും ആ താടിക്കാരന്‍ മതി: മുരളി ഗോപി

മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണു ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വര്‍ഷം. ഈയവസരത്തില്‍ നടനും തിരക്കഥാകൃത്തും ഗായകനുമെല്ലാമായ മുരളി ഗോപി പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഓര്‍മയുടെ നടനവിന്യാസം എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം നെടുമുടി വേണുവിനോടൊപ്പം പങ്കുവെച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത്.

മുരളിഗോപിയുടെ വാക്കുകള്‍

ഓര്‍മ്മയുടെ നടനവിന്ന്യാസം
——————————
– മുരളി ഗോപി
അത്ര പഴയതല്ലാത്ത ഒരു കാലം.
എന്നാലും… ശബ്ദങ്ങള്‍ക്ക്, അന്നൊക്കെ, വ്യക്തമായ സ്വഭാവവും വ്യക്തിത്വവും കരുത്തുമുണ്ടായിരുന്ന പോലെ. മരംകൊത്തിക്കും കുയിലിനും ചിത്തിരക്കിളികള്‍ക്കുമെല്ലാം തമ്മില്‍ പറയാനും നമ്മോടു പറയാനും ഏറെയുണ്ടായിരുന്ന പോലെ.
വൈകുന്നേരങ്ങളില്‍, ഒറ്റയ്ക്കുള്ള കളികളില്‍, മരങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍. മടലുകളില്‍ നിന്ന് വാളും മുറങ്ങളില്‍ നിന്ന് പരിചയും കണ്ടെത്തിയ ഞാന്‍, മാവെന്ന മഹാറാണിയുടെ സാമ്രാജ്യത്തിനെതിരെ യുദ്ധം നടത്തും. പേര സൈന്യാധിപനുമായി ഒറ്റക്കൊറ്റയ്ക്ക് അംഗം വെട്ടും. പച്ച പേരക്കയും പഴുക്കാത്ത മാങ്ങയും വെട്ടിവീഴ്ത്തി വീരശൃംഖലയായ വേപ്പിന്‍കൊമ്പ് ഒടിച്ച്, വിയര്‍ത്തൊലിച്ച് ശ്വാസം കിട്ടാതെ നില്‍ക്കുമ്പോഴാണ് ഉയരെ, വീട്ടിലെ സ്വീകരണമുറിയില്‍ നിന്ന് ഒരു മൃദംഗ വായ്ത്താരി കേട്ടത്.
ഒച്ചത്തിലായിരുന്നു.
പറവകളെല്ലാം ഒന്ന് അമ്പരന്നു.
ചെന്ന് നോക്കുമ്പോള്‍, അച്ഛന്‍, ഒരു കയ്യില്‍ സിഗരറ്റും മറുകയ്യാല്‍ താളവും പിടിച്ച് സെറ്റിയില്‍ ഇരിക്കുന്നു. എതിരെയിട്ട കസേരയില്‍ ഒരു കാല്‍ തൊടീച്ച്, ഇടത് കൈ അരയിലൂന്നി, വലത് കയ്യില്‍ അദൃശ്യമായ ഒരു ദീപശിഖയുമേന്തി ഒരു മെലിഞ്ഞ താടിക്കാരന്‍ നില്‍ക്കുന്നു.
‘ധ തകിട
ധ തകിട
ധ തകിട
തക ധ…’
തിരിച്ച് കസേരയില്‍ അമര്‍ന്നു കൊണ്ട്, ‘ഇങ്ങനെ ആയാലോ, ഗോപിണ്ണാ..?’ എന്നൊരു ചോദ്യം.
‘ആവാല്ലോ..’ എന്ന് ഉത്തരം പറഞ്ഞ്, ഒന്ന് നീട്ടി പുകവലിച്ച് കുറ്റികുത്തിയ ശേഷം അച്ഛന്‍ ആ താളം ചൊല്ലികൊണ്ട് കസേരപ്പടിയില്‍ വിരലാല്‍ അത് വായിച്ചു.
ഇത് കണ്ടുകൊണ്ടും കേട്ടുകൊണ്ടും കയറി ചെന്ന എന്നെ അച്ഛന്‍ ആ താടിക്കാരന് പരിചയപ്പെടുത്തി: ‘മോനാ…’
‘ആഹാ..! എന്താ പരിപാടി? നല്ല ദേഹാധ്വാനം നടത്തിയ പോലുണ്ടല്ലോ..’
അച്ഛന്‍ ചിരിക്കാതെ: ‘യുദ്ധം ആയിരുന്നു, അല്ലേടാ..?’
ഞാന്‍ ഗൗരവത്തോടെ ‘ഉം’ എന്ന പറഞ്ഞു.
താടിക്കാരന്‍ ഗൗരവത്തോടെ ആരാഞ്ഞു: ‘ആരാ ജയിച്ചത്..?’
ഞാന്‍ ഒന്നും പറയാതെ അകത്തേക്ക് ഓടിപ്പോയി.
എന്റെ ചോദ്യങ്ങള്‍ പലതായിരുന്നു.
അത് എന്റെ യുദ്ധമായിരുന്നു എന്ന് അച്ഛന് എങ്ങനെ മനസ്സിലായി? മനസ്സിലായെങ്കില്‍ തന്നെ, എന്തേ, മറ്റു ‘മുതിര്‍ന്നവരെ’ പോലെ പരിഹാസത്തില്‍ മൂക്കാതെ, ഇവര്‍ ഇരുവരും യുദ്ധ വിവരങ്ങള്‍ ഗൗരവത്തോടെ ആരാഞ്ഞു?
ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ; അത് ഞാന്‍ പിന്നീടാണ് കണ്ടെത്തിയതും:
യഥാര്‍ത്ഥ നടന്മാര്‍ അവര്‍ക്കായി അരങ്ങേറ്റാത്ത നാടകങ്ങളും കാണും. വേദിക്കപ്പുറവും നാടകവും നടന്മാരും ഉണ്ടെന്ന് തിരിച്ചറിയും. മടലിനെ ഖഡ്ഗമായും മുറത്തെ പരിചയായും മാവിനെ മഹാറാണിയും പേരയെ സര്‍വ്വസൈന്യാധിപനുമായും കണ്ട ഒരു പാവം കുഞ്ഞിനെ ഒപ്പമുള്ള ഒരുവനായി കാണുകയും കൂട്ടുകയും ചെയ്യും!
അന്ന് ഞാന്‍ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരന്‍ ‘നെടുമുടി വേണു’വായിരുന്നു.
പിന്നീട്, പല തവണ ഞാന്‍ അദ്ദേഹത്തെ കണ്ടു. നടനായി, കഥാപാത്രമായി, അച്ഛന്റെ സുഹൃത്തായി.., പ്രാസംഗികനായി, ശ്രോതാവായി, മധ്യവയസ്‌കനായി, വയസ്സനായി…അങ്ങനെ പല പല വേഷങ്ങളില്‍. പല പല വേദികളില്‍. (അഭ്രത്തില്‍.)
ഉറുമ്പുകളുടെ പരിചയംപുതുക്കല്‍ പോലുള്ള സാംഗത്യവശാലുള്ള കൂടികാഴ്ചകളായിരുന്നു പലതും. അപ്പോഴെല്ലാം, അദ്ദേഹം ഒരു സുഹൃത്തിനോടെന്ന പോലെ തോളില്‍ പിടിച്ചു നിന്ന് സംസാരിക്കും. ‘ആ സുമുഖനായ താടിക്കാരന്‍ വയസ്സാകാതിരുന്നിരുന്നെങ്കില്‍..’ എന്ന മൂഢമായ് ചിന്തിച്ചുകൊണ്ട് ഞാനും ആ കരസ്പര്‍ശമേറ്റ് പുഞ്ചിരിച്ച് നില്‍ക്കും.
സംഗീതമാണ് ഒരു മഹാനടന്റെ അംഗവസ്ത്രമെങ്കില്‍ താളമാണ് അവന്റെ ഉടവാള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു സത്യമാണെന്ന് തെളിയിക്കുന്ന ഉണ്മയുള്ള നടനായിരുന്നു വേണു അങ്കിള്‍ എന്ന് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാം. എന്നിരുന്നാലും, സംഗീതവും താളവും എങ്ങനെ പ്രകൃതിയില്‍ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തില്‍ വിലയിക്കുന്നു എന്ന് ശൈശവദിശയില്‍ തന്നെ കണ്ണാല്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളായി ഞാന്‍ എന്നെ കരുതുന്നു. അതിനു കാരണഭൂതര്‍ മേല്‍പ്പറഞ്ഞ രണ്ടാളുമാണ്. അച്ഛനും വേണു അങ്കിളും.
അരങ്ങും നാടകവും നടനവും നടനും എല്ലാം ഒന്നാകുമ്പോഴാണ് ഉലകവേദി ഉണരുന്നത്. അവിടെ ചിത്തിരക്കിളികളും കുയിലും മരംകൊത്തിയും യുദ്ധമാടുന്ന കുഞ്ഞുമെല്ലാം ഒരു മൃദംഗ വായ്ത്താരിയുടെ തുടിപ്പില്‍ ലയിച്ചൊന്നാവുന്നു. ആ തനത് നാടകവേദിയില്‍ താരങ്ങളില്ല. ആത്മാര്‍പ്പണം ചെയ്ത അഭിനേതാക്കള്‍ മാത്രം. അവര്‍ പിന്നെ എതിര്‍പാക്കുന്നത് ആ സപര്യക്ക് അന്ത്യം കുറിക്കുന്ന മോക്ഷ മുഹൂര്‍ത്തത്തെ മാത്രം.
വേണു അങ്കിള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ അവിടെ പോയില്ല. ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കും. ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാര്‍ അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മ. അതൊരു ശാഠ്യമാണ്.
ഓര്‍മ്മയിലെന്നും ആ താടിക്കാരന്‍ മതി.
കേള്‍വിയിലെന്നും ആ മൃദംഗ വായ്ത്താരിയും.
മനസ്സിന്റെ അഭൗമ വേദികളില്‍ ആ രംഗപുഷ്പം യൗവ്വനമാര്‍ന്നുതന്നെ എന്നും നിലകൊള്ളട്ടെ.
ഇതും ഒരു ശാഠ്യമാണ്.

Latest Stories

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി