സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നെപ്പോട്ടിസം എന്നത്. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ സിനിമയിൽ എത്തുകയും, പിന്നീടുള്ള എല്ലാ അവസരത്തിനും ഈ സ്വജനപക്ഷപാതം ഉപയോഗിക്കുകയും ചെയ്യുമ്പോൾ അവസരം നഷ്ടമാവുന്നത് എപ്പോഴും ഇതിലൊന്നും ഉൾക്കൊള്ളാത്ത സാധാരണക്കാരായ സിനിമാ മോഹം ഉള്ളിൽകൊണ്ടുനടക്കുന്ന യുവതീയുവാക്കൾക്കാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ.
സ്റ്റാർ കിഡ്സ് കാരണം പല അവസരങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നാണ് കാർത്തിക് ആര്യൻ പറയുന്നത്. ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻറെ വെളിപ്പെടുത്തൽ. ‘എനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. എന്നാൽ അത് അവരുടെ കുറ്റമല്ല. ഞാൻ അതിനോടെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞാനും സിനിമാകുടുംബത്തിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ അവർക്ക് ലഭിച്ചത് പോലെ എനിക്കും ആ അവസരങ്ങൾ കിട്ടുമായിരുന്നു’ എന്നാണ് അഭിമുഖത്തിൽ കാർത്തിക് ആര്യൻ പറഞ്ഞത്.
അതേസമയം ഭൂൽ ഭുലയ്യ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 400 കോടിക്ക് മുകളിലായിരുന്നു സിനിമ ആഗോള കളക്ഷൻ നേടിയത്. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. ഡിസംബർ 27 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. കാർത്തിക്കിനൊപ്പം വിദ്യ ബാലൻ, മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.