ആ ക്ലൈമാക്‌സിനോട് എനിക്ക് എതിര്‍പ്പായിരുന്നു, ഇതും പറഞ്ഞ് പ്രിയദര്‍ശനുമായി വഴക്കുണ്ടായി: ജഗദീഷ്

മോഹന്‍ലാല്‍ നായകനായി എത്തിയ ‘വന്ദനം’ സിനിമയുടെ ക്ലൈമാക്‌സിനോട് തനിക്ക് എതിര്‍പ്പായിരുന്നെന്ന് നടന്‍ ജഗദീഷ്. ഇതിനെ ചൊല്ലി താനും പ്രിയദര്‍ശനും തമ്മില്‍ വഴക്ക് ഉണ്ടായെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ക്ലൈമാക്‌സ് ട്രാജഡി ആകുന്ന സിനിമകള്‍ കാണാന്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്ന് ജഗദീഷ് പറയുന്നു.

‘വന്ദനത്തിന്റെ ക്ലൈമാക്‌സിനെ ചൊല്ലി ഞാനും പ്രിയദര്‍ശനും തമ്മില്‍ വഴക്ക് കൂടിയിട്ടുണ്ട്. നായകനും നായികയും അവസാനം ഒന്നിക്കണമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. പക്ഷെ ഹനീഫിക്ക പറഞ്ഞത് ഇപ്പോള്‍ എഴുതിയത് പോലെ അവര്‍ മീറ്റ് ചെയ്യാന്‍ പാടില്ല, അത് പ്രേക്ഷകര്‍ക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കും എന്നായിരുന്നു.’

‘എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള എം.ടി സാറിന്റെ സിനിമകളൊക്കെയും ക്ലൈമാക്‌സ് ട്രാജഡി ആയിരിക്കും. വളരെ സങ്കടത്തോടെയാകും ഞാന്‍ സിനിമകള്‍ കണ്ടിട്ട് വീട്ടിലേക്ക് പോകുന്നത്. അന്ന് ചില സിനിമകള്‍ കാണുമ്പോള്‍ അത് കണ്ടവരോട് ചോദിക്കും, കൂടുതല്‍ കഥയൊന്നും പറയണ്ട, അവസാനം കുഴിക്കകത്ത് വീണ കുട്ടി രക്ഷപ്പെടുമോ? രക്ഷപ്പെടും എന്ന് പറഞ്ഞാല്‍ ആ സിനിമ ഞാന്‍ കാണും. ആ കുട്ടി രക്ഷപ്പെടില്ല എന്ന് പറഞ്ഞാല്‍ ആ സിനിമ ഞാന്‍ കാണില്ല’.

Read more

‘ഒരു സിനിമയില്‍ 75 ശതമാനം തിന്മ വിജയിച്ചോട്ടെ, പക്ഷെ അവസാനമെങ്കിലും നന്മ വിജയിച്ചില്ലെങ്കില്‍ അത് എനിക്ക് പ്രയാസമാണ്. ആ സിനിമ മോശമാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. പക്ഷെ എനിക്ക് ബുദ്ധിമുട്ടാണെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളു,’ ജഗദീഷ് പറഞ്ഞു.