ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞു.. വിഷമങ്ങള്‍ അമ്മയോട് പറയാറില്ല: നിഖില വിമല്‍

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ നിലവിളിച്ച് കരഞ്ഞിരുന്നുവെന്ന് നടി നിഖില വിമല്‍. ഇമോഷണല്‍ സിനിമകള്‍ കാണാന്‍ പോലും തനിക്ക് ഇഷ്ടമല്ല എന്ന് പറയുന്നതിനിടെയാണ് ഇഎംഎസ് മരിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് നിഖില സംസാരിച്ചത്. തനിക്ക് ചെറുപ്പത്തില്‍ വിക്ക് ഉണ്ടായിരുന്നതു കൊണ്ട്, ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നതെന്നും നിഖില പറഞ്ഞു.

”ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞിരുന്നു. ചെറുപ്പത്തില്‍ എനിക്ക് വിക്കുണ്ടായിരുന്നു. അതിനാല്‍ എന്നെ വീട്ടിലുള്ളവര്‍ ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാല്‍ എന്റെ വിചാരം ഇഎംഎസ് എന്റെ ശരിക്കുമുള്ള അച്ചച്ചന്‍ ആണെന്നാണ്.”

”ഇംഎംഎസ് മരിച്ചപ്പോള്‍ എനിക്ക് അറിയാവുന്ന പേരാണല്ലോ എന്ന് കരുതി വീട്ടുകാര്‍ എന്നോട് മോളേ ഇഎംഎസ് മരിച്ചു പോയി എന്ന് പറഞ്ഞു. അയ്യോ ഇഎംഎസ് അച്ഛച്ചന്‍ മരിച്ചു പോയെ എന്ന് നിലവിളിച്ച കരയുകയായിരുന്നു ഞാന്‍” എന്നാണ് നിഖില ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇമോഷണല്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ട് ആണെന്നും നിഖില പറയുന്നുണ്ട്. ”എനിക്ക് ഇമോഷണല്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടാണ്. ആനക്കുട്ടിയെ സമ്മാനമായി കിട്ടുകയും ഒടുവില്‍ കാട്ടില്‍ വിടുകയും ചെയ്യുന്ന സിനിമയായ സമ്മാനം കണ്ട് ചെറുപ്പത്തില്‍ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്. സിനിമയിലാണെങ്കില്‍ പോലും മാത്യുവിനേയോ നസ്ലനെയോ ആരെങ്കിലും അടിക്കുന്നത് എനിക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല” എന്നും നിഖില വ്യക്തമാക്കി.

എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അമ്മയോട് പറയാറില്ലെന്നും നിഖില പറയുന്നുണ്ട്. ”അമ്മ ഒഴികെ ബാക്കി എല്ലാവരോടും പറയും. അമ്മയെ പെട്ടെന്ന് ബാധിക്കും. പ്രശ്നങ്ങളുണ്ടെങ്കില്‍ ചേച്ചിയോടും അടുത്ത സുഹൃത്തുക്കളോടുമാണ് പറയുക. ആ സമയത്ത് ഞാന്‍ അധികം വീട്ടില്‍ പോകില്ല” എന്നാണ് നിഖില പറയുന്നത്.

Read more