ലാൽ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമ ചെയ്യും: വിജയ് സേതുപതി

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടനാണ് വിജയ് സേതുപതി. താരത്തിന്റെ അൻപതാം ചിത്രം ‘മഹാരാജ’ വലിയ വിജയമായി മാറിയിരിക്കുകയാണ്. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രം റിവഞ്ച്- ആക്ഷൻ ത്രില്ലർ ഴോണറിലാണ് ഒരുക്കിയത്.

ഇപ്പോഴിതാ തനിക്ക് മോഹൻലാലിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. സിനിമയിൽ ഇനി ഒരിക്കലും വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് തീരുമാനമെടുത്തെങ്കിലും, മോഹൻലാലിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് വിജയ് സേതുപതി പറയുന്നത്. കഥാപാത്രം എങ്ങനയുള്ളത് ആണെങ്കിലും കുഴപ്പമില്ലെന്നും വിജയ് സേതുപതി പറയുന്നു.

“വില്ലൻ വേഷം ഇനി ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചതാണ്. എനിക്ക് അങ്ങനെയുള്ള വേഷം ഇനി ചെയ്യാൻ താത്പര്യമില്ല. ഞാൻ അതിന്റെ കാരണം പറഞ്ഞ് കഴിഞ്ഞു. എത്രയോ കഥകൾ അങ്ങനെ വരുന്നുണ്ട്. അതിനെ കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല.

നിറയെ ആളുകൾ വന്ന് അങ്ങനെയുള്ള കഥകൾ പറഞ്ഞിരുന്നു. അത് കൺട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ സ്റ്റോപ്പ്‌ ചെയ്തത്. എന്നാൽ ലാൽ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമയിൽ അഭിനയിക്കും. അത് എങ്ങനെയുള്ള വേഷമാണെങ്കിലും അഭിനയിക്കും.” എന്നാണ് അടുത്തിടെ നടന്ന ഒരു പ്രസ് മീറ്റിൽ വിജയ് സേതുപതി പറഞ്ഞത്.

അതേസമയം അനുരാഗ് കശ്യപ് ആണ് മഹാരാജയിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. നിതിലൻ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.

Read more