ബോളിവുഡ് ലോബിയിങ്ങിന്റെ ഇരയായിരുന്നു ഞാൻ: വിവേക് ഒബ്റോയ്

രാം ഗോപാൽ വർമ്മയുടെ ‘കമ്പനി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് വിവേക് ഒബ്റോയ്.പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലൂസിഫറി’ൽ ബോബി എന്ന ബിമൽ നായരായി മലയാളത്തിൽ തന്റെ സാന്നിധ്യമറിയിക്കാൻ വിവേക് ഒബ്റോയ്ക്ക് സാധിച്ചു. പിന്നീട് പൃഥ്വിരാജ് ചിത്രം ‘കടുവ’യിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരത്തിന് ക്രമേണ അവസരങ്ങൾ കുറഞ്ഞു വന്നിരുന്നു. ഇപ്പോഴിതാ താൻ ബോളിവുഡിലെ ലോബിയിങ്ങിന്റെ ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവേക് ഒബ്റോയ്. താൻ ഇൻഡസ്ട്രിയിലെ ലോബിയിങ്ങിന്റെ ഇരയാണെന്നും, അതാണ് തനിക്ക് പല റോളുകളും ലഭിക്കാതെയിരുന്നതിന്റെ കാരണമെന്നും വിവേക് ഓബ്റോയ് പറയുന്നു.

“എന്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം ഉണ്ടായിരുന്നു, എന്റെ പ്രകടനങ്ങൾ പ്രശംസിക്കപ്പെട്ടു, എന്നിട്ടും പല കാരണങ്ങളാൽ എനിക്ക് റോളുകളൊന്നും ലഭിച്ചില്ല. നിങ്ങൾ വ്യവസായത്തിന്റെ സംവിധാനത്തിന്റെയും ലോബിയിങ്ങിന്റെയും ഇരയാകുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്.

ഒന്നെങ്കില്‍ വിഷമിച്ച് എല്ലാം അവസാനിപ്പിക്കുക, അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി എഴുതുക. ഞാൻ പിന്നീട് എന്‍റെ വഴി തിരഞ്ഞെടുത്ത് നിരവധി ബിസിനസ്സുകൾ തുടങ്ങി.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിവേക് ഒബ്റോയ് പറഞ്ഞത്.