വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയുള്ള സിനിമയില്‍ നിന്നും താന്‍ പിന്മാറില്ലെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്. ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയതോടെയാണ് പി.ടി കുഞ്ഞുമുഹമ്മദ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി, പാട്ട് എഴുതി കഴിഞ്ഞു.
ഒരു വലിയ കാന്‍വാസില്‍ പറയുന്ന സിനിമയായതിനാല്‍ കോവിഡ് സാഹചര്യം മാറിയാല്‍ മാത്രമാണ് ഷൂട്ടിംഗ് നടക്കുകയുള്ളു എന്നാണ് സംവിധായകന്‍ റിപ്പോര്‍ട്ട് ടിവിയോട് പറഞ്ഞത്. 1921ലെ മലബാര്‍ കലാപത്തെ കുറിച്ചുള്ള സിനിമയാണ് ചെയ്യുന്നത്. സ്‌ക്രിപ്റ്റ് പൂര്‍ണമായും പൂര്‍ത്തിയായി. റഫീഖ് അഹമ്മദ് ചിത്രത്തിന് വേണ്ടി ഒരു പടപ്പാട്ട് എഴുതി കഴിഞ്ഞു.
വാരിയംകുന്നന്‍ പാട്ട് പാടുന്ന ആളായിരുന്നു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കാസ്റ്റിംഗ് എല്ലാം തന്നെ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഈ സിനിമ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഈ സിനിമയില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. സിനിമ നടക്കുമോ എന്നതില്‍ ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിംഗ് തുടങ്ങിയാല്‍ അതില്‍ ഉറപ്പ് ഉണ്ടാവും. അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുക തന്നെ ചെയ്യും. താന്‍ ആരോടും എതിരല്ല എന്നും സംവിധായകന്‍ വ്യക്തമാക്കി.